“എന്റെ പ്രസംഗത്തിനിടയിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുന്ന ഹെറ്റ്മയറിന് എന്റെ പ്രത്യേക നന്ദി..”; സഹതാരങ്ങളെയും ആരാധകരെയും പൊട്ടിച്ചിരിപ്പിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ

June 6, 2022

മികച്ചതും സ്ഥിരതയാർന്നതുമായ പ്രകടനം തന്നെയാണ് ഈ കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചത്. പ്രഥമ ഐപിഎൽ സീസണിന് ശേഷം ആദ്യമായി നായകൻ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചിരുന്നു.

വലിയ പ്രശംസയാണ് മലയാളിയായ സഞ്ജു സാംസണിന്റെ നായക പാടവത്തിന് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും നൽകിയത്. സമ്മർദ്ദഘട്ടങ്ങളിൽ പോലും സമചിത്തതയോടെയും പക്വതയോടെയും ടീമിനെ നയിച്ച സഞ്ജു മികച്ച നായകനായി പേരെടുത്തു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിലൊന്ന് നേടി സീസൺ അവസാനിപ്പിച്ച രാജസ്ഥാൻ ഇത്തവണ രണ്ടാം സ്ഥാനമാണ് നേടിയിരിക്കുന്നത്. ഇതിൽ നായകനെന്ന നിലയിൽ സഞ്ജുവിന് നിർണായക പങ്കുണ്ടെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോൾ സീസണിന് ശേഷം പിരിയുന്നതിനു മുൻപായി ടീമംഗങ്ങൾക്ക് മുൻപിൽ സഞ്ജു പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. സഞ്ജുവിന്റെ പ്രസംഗത്തിനിടയിൽ നടന്ന ഒരു തമാശയാണ് ആരാധകരുടെ ഇടയിൽ പൊട്ടിച്ചിരി പടർത്തുന്നത്.

ടീമംഗങ്ങളുടെയും സ്റ്റാഫിന്റേയും പിന്തുണയ്ക്ക് നന്ദി പറയുകയായിരുന്നു സഞ്ജു. തന്നെ ഒരു നല്ല നേതാവായി വളർത്തിയെടുക്കുന്നതിൽ കോച്ച് സംഗക്കാരയ്ക്ക് വലിയ പങ്കുണ്ടെന്നും സഞ്ജു പറഞ്ഞു. അതിനിടയിലാണ് തൊട്ടരികിലായി ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന വിൻഡീസ് താരം ഹെറ്റ്മയറിനെ സഞ്ജു ശ്രദ്ധിക്കുന്നത്. എന്റെ മികച്ച പ്രസംഗം നടക്കുന്നതിനിടയിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുന്ന ഹെറ്റ്മയറിന് പ്രത്യേക നന്ദി അറിയിക്കുന്നു എന്ന് സഞ്ജു പറഞ്ഞതോടെ സഹതാരങ്ങൾ പൊട്ടിച്ചിരിക്കുകയായിരുന്നു.

Read More: രാജസ്ഥാൻ റോയൽസിന്റെ 250–ാം നമ്പർ ജേഴ്‌സിയിൽ ഇനി സുരേഷ് ഗോപി; സ്നേഹോപഹാരത്തിന് സഞ്ജു സാംസണും ടീമിനും നന്ദി പറഞ്ഞ് നടൻ

‘സ്‌കിപ്പറുടെ സത്യസന്ധമായ വാക്കുകൾ’ എന്ന കുറിപ്പോടെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ ഈ വിഡിയോ പങ്കുവെച്ചതോടെയാണ് ആരാധകരുടെ ഇടയിൽ വിഡിയോ വൈറലാവുന്നത്.

Story Highlights: Sanju samson funny speech