പഴങ്ങളിലെ വിഷാംശം കണ്ടെത്താൻ സെൻസർ…

June 11, 2022

ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഭക്ഷണത്തിന്റെ ഗുണം നോക്കാതെ രുചി  മാത്രം നോക്കിയാണ് പലരും ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും കൂടെക്കൂട്ടാറുണ്ട്. എന്നാൽ മിക്കപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വിഷാംശവും ശരീരത്തിൽ എത്തിച്ചേരും. ഏറ്റവുമധികം വിഷാംശം ഉള്ളത് പഴങ്ങളിലും പച്ചക്കറികളിലുമാണ്. കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഇവയിൽ വിഷാംശം പലരും അമിതമായി ഉപയോഗിക്കുന്നത്. കടകളിൽ നിന്നും വാങ്ങിക്കുന്ന പച്ചക്കറികളിലെ വിഷാംശം കണ്ടെത്താൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല. എന്നാൽ ഇപ്പോഴിതാ ഇത് കണ്ടെത്തുന്നതിനായി ഒരു പുത്തന്‍ ടെക്നിക് വികസിപ്പിച്ചെടുത്തിരിക്കുകയാണ് സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍.

വിഷാംശം കണ്ടെത്തുന്നതിനായി ഒരു ചെറിയ സെന്‍സര്‍ തന്നെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് സ്വീഡനിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഈ ഗവേഷകർ. ഇത് ഉപയോഗിച്ച് കടകളിൽ വെച്ചുതന്നെ പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കണ്ടെത്താൻ കഴിയും. ഈ സെൻസർ സാധാരണക്കാരിലേക്കെത്താൻ ഇനിയും കാലതാമസം എടുക്കും എന്നാണ് ഗവേഷകർ പറയുന്നത്. ഇത് ഉപയോഗിച്ച് കുറച്ച് പരീക്ഷണങ്ങൾ കൂടി നടത്തിയാൽ മാത്രമേ ഇത് ആളുകളിലേക്ക് എത്തിക്കാൻ സാധിക്കു.

Read also: കാൻസറാണെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയി, രോഗത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച കഥയുമായി നടി മഹിമ…

അതേസമയം നിലവിൽ സാധാരണ വീടുകളിൽ പുറത്തുനിന്ന് വാങ്ങിക്കുന്ന കറിവേപ്പില, തക്കാളി, പച്ചമുളക് തുടങ്ങിയവയിലെ വിഷാംശം ഇല്ലാതാക്കാന്‍ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ ഇവ മുക്കിവയ്ക്കുകയാണ് ചെയ്യുന്നത്. പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്യാന്‍ ഉപ്പു ലായനിയിലോ അല്ലെങ്കില്‍ മഞ്ഞല്‍ വെള്ളത്തിലോ ഈ പച്ചക്കറികള്‍ മുക്കിവയ്ക്കാറുണ്ട്. തുടര്‍ന്ന് ഇവ പല ആവര്‍ത്തി കഴുകും. വെള്ളം പൂര്‍ണ്ണമായും വാര്‍ന്നുപോയ ശേഷം ഇത്തരം പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കും. അതേസമയം കറിവയ്ക്കുന്നതിന് മുമ്പും തൊലി കളഞ്ഞ ശേഷവും ഇവ നന്നായി പല ആവര്‍ത്തി കഴുകുന്നതാണ് ഉത്തമം.

Story highlights; sensor to detect pesticides on fruits and vegetables