ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരു കല്യാണമേളം; ശ്രദ്ധനേടി ‘ഉല്ലാസ’ത്തിലെ പാട്ട്

പാട്ട് പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങിയ ഉല്ലാസത്തിലെ പുതിയ ഗാനം. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം നവാഗതനായ ജീവൻ ജോജോയാണ് സംവിധാനം ചെയ്യുന്നത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ പെണ്ണെ പെണ്ണെ എന്ന ഗാനവും ഏറെ ശ്രദ്ധനേടുന്നുണ്ട്. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്.
അതേസമയം കുറഞ്ഞ കാലയളവിനുള്ളിൽ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. ഉല്ലാസത്തിൽ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ ലുക്കിലാണ് ഷെയ്ൻ നിഗം എത്തുന്നത്. പവിത്ര ലക്ഷ്മിയാണ് സിനിമയിൽ ഷെയ്നിന്റെ നായികയായി വേഷമിടുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ പവിത്ര ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഉല്ലാസം.
പ്രവീൺ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും വരികൾ തയാറാക്കിയിരിക്കുന്നത് ഹരിനാരായണനുമാണ്.
കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ശ്രദ്ധ നേടിയ യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. അതേസമയം ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’. ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില് ലാലാണ്. ഭൂതകാലമാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച സ്വീകാര്യത നേടിയ ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആണ്.
ഒരു ഹൊറർ സിനിമയായി ഒരുങ്ങിയ ഭൂതകാലത്തിൽ ഷെയിൻ നിഗവും രേവതിയും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെയുള്ള നിരവധി സിനിമാപ്രവർത്തകർ ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ പങ്ക് വെച്ചിരുന്നു. മാനസിക പിരിമുറുക്കം നേരിടുന്ന ഒരമ്മയും മകനും ജീവിക്കുന്ന വീട്ടിൽ നടക്കുന്ന ദുരൂഹമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
Story highlights: Shaan Rahman Song for Shein Nigam Ullasam Movie