ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ… ചാന്തുപൊട്ടായി ശ്രീദേവ്; രസികൻ ഭാവങ്ങളുമായി കുഞ്ഞുഗായകൻ

June 13, 2022

സംഗീതപ്രേമികളുടെ ഇഷ്ടറിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. അതിശയിപ്പിക്കുന്ന ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുള്ള കൊച്ചു ഗായകരാണ് ഈ വേദിയിലെ പാട്ടുകാർ. ഗംഭീരമായി പാട്ടുകൾ പാടിയും രസകരമായ സംഭാഷണങ്ങളിലൂടെയും ഏറെ ആരാധകരെ നേടിയ കുഞ്ഞുഗായകൻ ശ്രീദേവിന്റെ ഏറ്റവും പുതിയ പെർഫോമൻസാണ് വേദിയിൽ ചിരി നിറയ്ക്കുന്നത്.

ദിലീപ് മുഖ്യകഥാപാത്രമായ ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ‘ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ..പൊന്നോമനേ… എന്ന പാട്ടാണ് ശ്രീദേവ് വേദിയിൽ ആലപിക്കുന്നത്. സിനിമയിലെ ദിലീപിന്റെ കഥാപാത്രമായ രാധയുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് കുഞ്ഞുശ്രീദേവ് വേദിയിൽ പാട്ട് പാടാൻ എത്തുന്നത്. പാട്ടിനൊപ്പം തന്നെ ശ്രീദേവിന്റെ ആക്ഷനുകളും ഭാവങ്ങളും വേദിയുടെ കൈയടി വാങ്ങുന്നുണ്ട്. അതേസമയം ചിത്രത്തിലെ ഈ ഗാനത്തിന് വരികൾ തയാറാക്കിയത് വയലാർ ശരത് ചന്ദ്രവർമ്മയാണ്. സംഗീതം വിദ്യാസാഗർ. സിനിമയിൽ ഈ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

അതിഗംഭീരമായാണ് ഈ കുഞ്ഞുമോൻ ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. പാട്ട് വേദിയിലെ വിധികർത്താക്കളായ എം ജയചന്ദ്രനും എം ജി ശ്രീകുമാറിനും അനുരാധയ്ക്കുമൊപ്പം പാട്ട് വേദിയിലെ ഓർക്കസ്ട്ര ടീമും ഈ കുഞ്ഞുമോന്റെ പാട്ടിനെ നിറഞ്ഞ മനസോടെ അഭിനന്ദിക്കുന്നുണ്ട്.

പാട്ട് കൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളാണ് ശ്രീദേവ്. അതിശയിപ്പിക്കുന്ന ആലാപനമികവിനൊപ്പം തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയം കൊണ്ടും ശ്രീദേവ് ഇതിനോടകം പ്രേക്ഷകഹൃദയം കവർന്നതാണ്. പാട്ട് പാടാൻ വേദിയിലെത്തുന്ന ശ്രീദേവും ജഡ്ജസും തമ്മിലുള്ള രസകരമായ വർത്തമാനങ്ങളും കളി തമാശകളും ടോപ് സിംഗർ വേദിയെ കൂടുതൽ രസകരമാക്കാറുണ്ട്. ഓരോ തവണയും വ്യത്യസ്തമായ പാട്ടുകളാണ് ഈ കുഞ്ഞുമോൻ പാടാനായി തിരഞ്ഞെടുക്കുന്നത്. പാട്ടുകളുടെ സിലക്ഷൻ കൊണ്ടും ആലാപനത്തിലെ മനോഹാരിതകൊണ്ടും ശ്രീദേവ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

Story highlights: Sreedev as Dileeps Chanthupottu