ഇണക്കവും പിണക്കവുമായി ഇന്നുമുതൽ ‘ഉപ്പും മുളകും’ വീണ്ടും കുടുംബ സദസുകളിലേക്ക്..
മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും. പരമ്പരയ്ക്കും താരങ്ങൾക്കുമെല്ലാം ഒരുപോലെ സ്വീകാര്യത ലഭിച്ചു. ഒരു അനിവാര്യമായ ഇടവേളയ്ക്ക് ശേഷം മുഖം മിനുക്കി ഉപ്പും മുളകും വീണ്ടും എത്തുകയാണ്. ഇന്ന് മുതൽ രാത്രി 7.30ന് ഉപ്പും മുളകും വീണ്ടും സ്വീകരണമുറികളിലേക്ക് എത്തും.
രണ്ടാം വരവിലും മാറ്റങ്ങൾ കുട്ടികളിൽ മാത്രമാണ്. അമേയ എന്ന പാറുക്കുട്ടി ജനിച്ച് നാലാംമാസം മുതൽ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയതാണ്. അന്ന് പ്രേക്ഷക ഹൃദയങ്ങളിൽ കുഞ്ഞു കുറുമ്പുകളിലൂടെ ഹൃദയം കവർന്ന പാറുക്കുട്ടി ഇന്ന് ഡയലോഗുകൾ പറയുന്ന, സീനുകൾക്ക് അനുസരിച്ച് അഭിനയിക്കുന്ന ഒരു കുഞ്ഞുതാരമാണ്. ശിവാനിയും കേശുവുമെല്ലാം വലിയ കുട്ടികളായി. ജൂഹി വീണ്ടും ലെച്ചുവായി മടങ്ങി വരുന്നു. ഒപ്പം മുടിയനുമുണ്ട്.
2015 ഡിസംബർ പതിനാലിനാണ് ഉപ്പും മുളകും ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയത്. പിന്നീട് പാറമട വീടും, ബാലുവും നീലുവും കുട്ടികളുമെല്ലാം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറി. അഭിനേതാക്കൾ എന്നോ കഥാപാത്രങ്ങളെന്നോ മറന്ന് സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്ന സ്നേഹമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. പുരുഷ പ്രേക്ഷകരെ പോലും പിടിച്ചിരുത്താൻ ഉപ്പും മുളകിനും സാധിച്ചു. ടെലിവിഷനിൽ കാണുന്നതിനേക്കാൾ യൂട്യൂബിലാണ് ഉപ്പും മുളകിനും പ്രേക്ഷകർ കൂടുതൽ.
2016ൽ ഉപ്പും മുളകിന് സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്കാരം ഉപ്പും മുളകും സീരിയലിന് ലഭിച്ചപ്പോൾ, മികച്ച ഹാസ്യ താരത്തിനുള്ള പുരസ്കാരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിന് ലഭിച്ചു. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിഷ സാരംഗിന് ഹാസ്യ നടിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചിരുന്നു. പ്രളയക്കെടുതിയുടെ സമയത്ത് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി ഒരു എപ്പിസോഡ് ഉപ്പും മുളകും മാറ്റിവച്ചിരുന്നു. ഇതിന് കേരള മുഖ്യമന്ത്രിയുടെ അഭിനന്ദനവും പ്രിയ പരമ്പര സ്വന്തമാക്കി. കൊവിഡ് കാലത്തും ഈ സാമൂഹിക പ്രതിബദ്ധത ഉപ്പും മുളകിൽ കാണാൻ സാധിച്ചു.രണ്ടാം വരവിൽ അഭിനേതാക്കളെക്കാൾ ആവേശം പ്രേക്ഷകരിലാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
Story highlights- uppum mulakum season 2 starting from today