‘റോളക്‌സ് ലുക്കിന് നന്ദി സെറീന’; വിക്രത്തിലെ വില്ലനെ രൂപപ്പെടുത്തിയ മേക്കപ്പ് ആർടിസ്റ്റിനെ പരിചയപ്പെടുത്തി സൂര്യ

June 13, 2022

കമൽ ഹാസന്റെ ‘വിക്രം’ ലോകമെങ്ങും വമ്പൻ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്‌ത നാൾ മുതൽ ആരാധകരുടെ ചർച്ചാവിഷയമായിരുന്നു നടൻ സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന കഥാപാത്രം. ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങൾ മത്സരിച്ചഭിനയിച്ച് മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു ചിത്രത്തിന്റെ അവസാന പത്ത് മിനുട്ടിൽ വന്ന് മുഴുവൻ കൈയടിയും സ്വന്തമാക്കാൻ ഒരു അതുല്യ പ്രതിഭയ്ക്ക് മാത്രമേ കഴിയൂ.

വിക്രത്തിൽ നടൻ സൂര്യ ചെയ്‌തതും അതാണ്. അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂര്യ ചിത്രത്തിൽ കാഴ്ച്ചവെച്ചത്. റോളക്‌സ് എന്ന ക്രൂരനായ വില്ലനായി വന്ന് വിക്രത്തിന്റെ ക്ലൈമാക്‌സിൽ സൂര്യ നിറഞ്ഞാടുകയായിരുന്നു. വലിയ പ്രശംസയാണ് സൂര്യയ്ക്ക് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ നൽകുന്നത്. സൂര്യ മുഴുനീള കഥാപാത്രമായി എത്തുന്ന വിക്രത്തിന്റെ അടുത്ത ഭാഗത്തിനായി ഇപ്പോഴേ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോൾ കൊടുംക്രൂരനായ റോളക്‌സിന്റെ ലുക്ക് രൂപപ്പെടുത്തിയ മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ സൂര്യ. സെറീന ടിക്‌സേരിയ എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് സൂര്യയുടെ വലിയ കൈയടി ഏറ്റുവാങ്ങിയ ലുക്ക് ഡിസൈൻ ചെയ്‌തത്‌. മേക്കപ്പ് ഡിസൈനർ, ഹെയർ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ മേഖലകളിൽ നിരവധി ചിത്രങ്ങളിൽ സെറീന പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷ്യ എന്ന ബോളിവുഡ് ചിത്രത്തിൽ ഹെയർ സ്റ്റൈലിസ്റ്റ് ആയാണ് തുടക്കം. ത്രീ ഇഡിയറ്റ്സ്, ഡൽഹി 6 തുടങ്ങിയ സിനിമകളിലും മിർസാപുർ, താണ്ഡവ് തുടങ്ങിയ വെബ് സീരിസുകളിലും സെറീന പ്രവർത്തിച്ചിട്ടുണ്ട്.

Read More: വിജയ്‌യുടെ വില്ലനായി ധനുഷ്..?, ലോകേഷ് കനകരാജ് ചിത്രത്തിന്റെ വിശേഷങ്ങൾ…

അതേ സമയം പ്രേക്ഷകരുടെ വമ്പൻ പ്രതികരണം നേടി ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് ‘വിക്രം.’ വലിയ കാത്തിരിപ്പിനൊടുവിൽ ജൂൺ 3 നാണ് ‘വിക്രം’ തിയേറ്ററുകളിലെത്തിയത്.

Story Highlights: Surya introduces vikram make up artist Serina tixeira