“നന്ദി അണ്ണാ, താങ്കളുടെ ‘റോളക്‌സിന്'”; ഏറെ പ്രിയപ്പെട്ട കമൽ ഹാസനിൽ നിന്ന് ഏറ്റുവാങ്ങിയ സമ്മാനത്തിന് നന്ദി പറഞ്ഞ് നടൻ സൂര്യ

June 8, 2022

ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങൾ മത്സരിച്ചഭിനയിച്ച് മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു ചിത്രത്തിന്റെ അവസാന 10 മിനുട്ടിൽ വന്ന് മുഴുവൻ കൈയടിയും സ്വന്തമാക്കാൻ ഒരു അതുല്യ പ്രതിഭയ്ക്ക് മാത്രമേ കഴിയൂ. ‘വിക്രം’ ചിത്രത്തിൽ നടൻ സൂര്യ ചെയ്‌തതും അതാണ്. അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂര്യ ചിത്രത്തിൽ കാഴ്ച്ചവെച്ചത്. റോളക്‌സ് എന്ന ക്രൂരനായ വില്ലനായി വന്ന് വിക്രത്തിന്റെ ക്ലൈമാക്‌സിൽ സൂര്യ നിറഞ്ഞാടുകയായിരുന്നു.

വലിയ പ്രശംസയാണ് സൂര്യയ്ക്ക് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ നൽകുന്നത്. സൂര്യ മുഴുനീള കഥാപാത്രമായി എത്തുന്ന വിക്രത്തിന്റെ അടുത്ത ഭാഗത്തിനായി ഇപ്പോഴേ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോൾ സൂര്യ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് പ്രേക്ഷകരുടെയിടയിൽ വൈറലാവുന്നത്. വിക്രത്തിന്റെ വലിയ വിജയത്തിന് ശേഷം കമൽ ഹാസൻ സൂര്യയ്ക്ക് റോളക്‌സ് കമ്പനിയുടെ വില കൂടിയ ഒരു വാച്ച് സമ്മാനമായി നൽകിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് സൂര്യ പങ്കുവെച്ചത്. കമൽ ഹാസൻ സൂര്യയ്ക്ക് വാച്ച് സമ്മാനിക്കുന്നതിന്റെയും സൂര്യ അത് കൈയിൽ അണിയുന്നതിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്.

“ഇത്തരം ചില നിമിഷങ്ങളാണ് ജീവിതത്തെ മനോഹരമാക്കുന്നത് ! നന്ദി അണ്ണാ, താങ്കളുടെ റോളക്‌സിന്” ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സൂര്യ കുറിച്ചു. ചിത്രത്തിൽ സൂര്യയുടെ കഥാപാത്രത്തിന്റെ പേരും റോളക്‌സ് എന്ന് തന്നെയായിരുന്നു.

Read More: “എനിക്കേറ്റവും പ്രിയപ്പെട്ട ലോകേഷിന്..”; തന്റെ ഏറ്റവും വലിയ ആരാധകനായ വിക്രം സംവിധായകൻ ലോകേഷ് കനകരാജിന് ഏറ്റവും വിലപ്പെട്ട സമ്മാനം നൽകി ഉലകനായകൻ

അതേ സമയം പ്രേക്ഷകരുടെ വമ്പൻ പ്രതികരണം നേടി ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് ‘വിക്രം.’ വലിയ കാത്തിരിപ്പിനൊടുവിൽ ജൂൺ 3 നാണ് ‘വിക്രം’ തിയേറ്ററുകളിലെത്തിയത്.

Story Highlights: Surya thanks kamal hasan for his gift