ദിവസവും എട്ട് മണിക്കൂർ വരെ അലറികരയേണ്ടി വന്നിട്ടുണ്ട്- ഇത് കരച്ചിൽ ജോലിയാക്കിയ യുവതിയുടെ കഥ
ജീവിതത്തിൽ വളരെയധികം വിഷമം വരുന്ന നിമിഷങ്ങളിൽ മാത്രമാണ് നമ്മൾ കരയുന്നത്. പ്രിയപ്പെട്ടവരുടെ കരച്ചിൽ കാണേണ്ടിവരരുതേ എന്നാഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ഇപ്പോഴിതാ കരച്ചിൽ ജോലിയാക്കിയ ഒരു യുവതിയുടെ കഥയാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. പറഞ്ഞുവരുന്നത് ആഷ്ലി പെല്‍ഡണ്‍ എന്ന യുവതിയെക്കുറിച്ചാണ്. ആഷ്ലിയുടെ ജീവിതത്തിൽ കരച്ചിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ ആഷ്ലി ഇങ്ങനെ കരയുന്നത്തിന് പിന്നിലുമുണ്ട് ഒരു കാരണം.
ആഷ്ലിയുടെ ജോലിയുടെ ഭാഗമായാണ് ഇവർ ഇത്തരത്തിൽ കരയുന്നത്. ജോലിയുടെ ഭാഗമായി കരയുകയോ… ? ഇങ്ങനെ കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും അങ്ങനെ ഒരു ജോലി ഉണ്ടത്രേ. സിനിമയിലും സീരിയലിലുമൊക്കെ ആളുകൾ കരയുന്നത് കേൾക്കാറില്ലേ, ഇങ്ങനെ സിനിമയ്ക്കും സീരിയലിനുമൊക്കെ വേണ്ടി കരയുന്ന സ്ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ് ആഷ്ലി. ഇങ്ങനെ അലറി വിളിച്ച് നല്ല പണവും സമ്പാദിക്കുന്നുണ്ട് ആഷ്ലി. അതേസമയം മൈക്കിന് മുന്നിൽ വന്ന് ഡയറക്ടറുമാരുടെ ആവശ്യപ്രകാരം കരയുകയാണ് ആഷ്ലി ചെയ്യുക. ഇതിനോടകം നിരവധി ചിത്രങ്ങളിലും മറ്റുമായി ആഷ്ലിയുടെ കരച്ചിൽ ഉപയോഗിച്ചുകഴിഞ്ഞു.
Read also: സോഷ്യൽ ഇടങ്ങളുടെ സ്നേഹം കവർന്ന് ഒരു അച്ഛനും മകളും; സ്നേഹനിർഭരമായ നിമിഷം
അതേസമയം വളരെയധികം വൈദഗ്ധ്യം ആവശ്യമായ ഒരുജോലിയാണിതെന്നാണ് ആഷ്ലി പറയുന്നത്. കാരണം വെറുതെ അലറി കരയുകയല്ല വേണ്ടത്. ഓരോ സന്ദര്‍ഭത്തിനും അനുസരിച്ച് വേണം കരയാൻ. അതിൽ ചിലപ്പോൾ ഏറ്റക്കുറച്ചിലുകളും ഉണ്ടാകും. പലവിധത്തിലുള്ള കരച്ചിലുകളും ആഷ്ലി പ്രയോഗിക്കാറുണ്ട്. പേടിച്ചുകൊണ്ടുള്ള കരച്ചിൽ, വിഷമം മൂലം ഉണ്ടാകുന്ന കരച്ചിൽ തുടങ്ങി വിവിധ രീതിയിലും ടോണിലുമൊക്കെയാണ് ഈ ജോലി ഇവർ ചെയ്യുന്നത്. അതേസമയം ഏഴാം വയസിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അന്ന് ആ ചിത്രത്തിന് വേണ്ടി കരയേണ്ടി വന്നിരുന്നു അന്ന് മുതലാണ് ഈ ജോലിയിലേക്കുള്ള തന്റെ തുടക്കമെന്നും ചില ദിവസങ്ങളിൽ എട്ട് മണിക്കൂർ വരെ കരയേണ്ടി വന്നിട്ടുണ്ടെന്നും ആഷ്ലി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Story highlights: This woman earns a living by screaming