സോഷ്യൽ ഇടങ്ങളുടെ സ്നേഹം കവർന്ന് ഒരു അച്ഛനും മകളും; സ്‌നേഹനിർഭരമായ നിമിഷം

June 17, 2022

കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരുകയാണ് ഒരു മകൾ അവളുടെ ഏറ്റവും പ്രിയപ്പെട്ട അച്ഛന് വേണ്ടി ഒരുക്കിയ സർപ്രൈസ്. മക്കൾ പഠിച്ച് ജോലിനേടി നല്ല നിലയിലെത്തണം… ഇതായിരിക്കും മാതാപിതാക്കളെ സംബന്ധിച്ച് മക്കളെക്കുറിച്ചുള്ള ഏറ്റവും വലിയ ആഗ്രഹം. നമുക്ക് നേടാൻ കഴിയാത്തതൊക്കെ മക്കളിലൂടെ നേടണം എന്ന് പറയുന്ന മാതാപിതാക്കളും ഏറെയുണ്ട്. മക്കളുടെ നന്മയ്ക്കായി സ്വന്തം ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വേണ്ടന്ന് വയ്ക്കുന്ന മാതാപിതാക്കളെയും നമുക്കറിയാം. എന്നാൽ സ്വന്തം മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന അപൂർവം ചില മക്കളുമുണ്ട്. ഇപ്പോഴിതാ അച്ഛന് സർപ്രൈസായി മെഡിക്കൽ സ്കൂളിൽ നിന്നുള്ള ഓഫർ ലെറ്ററുമായി എത്തുന്ന മകളുടെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവരുന്നത്.

അച്ഛന്റെ അടുത്തേക്ക് വരുന്ന ഒരു മകളെയാണ് വിഡിയോയിൽ കാണുന്നത്. അവളുടെ കൈയിൽ ഒരു പേപ്പറുമുണ്ട്. അച്ഛനെ തന്റെ കൈയിൽ ഇരിക്കുന്ന പേപ്പർ കാണിച്ചുകൊണ്ട് അടുത്തേക്ക് വിളിക്കുകയാണ് ഈ മകൾ. ഉടൻതന്നെ മകളുടെ അടുത്തെത്തിയ പിതാവ് കൈയിൽ ഇരിക്കുന്ന പേപ്പർ എടുത്ത് വായിക്കുന്നുണ്ട്. മകൾക്ക് അഡ്മിഷൻ കിട്ടിയതറിഞ്ഞ പിതാവ് ഉടൻതന്നെ മകളെ ചേർത്ത് പിടിക്കുന്നതും സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണുകൾ നിറയുന്നതും ദൃശ്യങ്ങളിൽ കാണാം.

Read also: കാക്കേ ഇങ്ങോട്ട് ഇറങ്ങ്, നിന്റെ തൂവൽ ഒരെണ്ണം ചാടി പോയി.. ഇന്നാ ഇതെടുത്തോ; നിഷ്കളങ്കതയും കുസൃതിയും നിറച്ച് കുരുന്നുകളുടെ വിഡിയോ

വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമായാണ് മകൾക്ക് ഈ നേട്ടം കൈവരിക്കാനായത്. അതേസമയം ഈ അച്ഛന്റെയും മകളുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് ഇരുവർക്കും അഭിനന്ദനങ്ങളുമായി എത്തിയത്. അച്ഛന്റെ അഭിമാനം എന്ന അടിക്കുറുപ്പോടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് വളരെയധികം സ്‌നേഹനിർഭരമായ നിമിഷമാണ്’, ‘മക്കൾ മാതാപിതാക്കൾക്ക് എന്നും അഭിമാനമാകട്ടെ’ എന്നൊക്കെ പറഞ്ഞുകൊണ്ട് നിരവധിപ്പേരാണ് ഈ വിഡിയോയ്ക്ക് കമന്റ് ഇടുന്നത്. അതേസമയം ഇത് മറ്റുള്ളവർക്ക് ഏറെ പ്രചോദനമാകുന്ന നിമിഷമാണെന്ന് പറഞ്ഞുകൊണ്ട് വരുന്നവരും നിരവധിയുണ്ട്.

Story highlights: Video of Daughter surprises her father