‘ചിത്രം ബ്ലോക്ക്ബസ്റ്റർ ആവും, ഉറപ്പ്’; കമൽ ഹാസൻ ചിത്രം വിക്രത്തെ പറ്റി നടനും തമിഴ് നാട് എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ, മറുപടിയുമായി കമൽ ഹാസൻ

June 2, 2022

നാളെയാണ് ഉലകനായകൻ കമൽ ഹാസന്റെ ‘വിക്രം’ തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘വിക്രം.’ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു.

ഇപ്പോൾ ചിത്രത്തെ പറ്റി നടനും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും എംഎൽഎയും കൂടിയായ ഉദയനിധി സ്റ്റാലിൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ചിത്രം കണ്ട അനുഭവമാണ് ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്‌തത്‌. ചിത്രം വലിയ ബ്ലോക്ക്ബസ്റ്റർ ആവുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മികച്ച സിനിമാനുഭവം സമ്മാനിച്ച സംവിധായകൻ ലോകേഷ് കനകരാജിനും വിജയ് സേതുപതിക്കും ഫഹദ് ഫാസിലിനും ഉദയനിധി തന്റെ ട്വീറ്റിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ ഉദയനിധി സ്റ്റാലിന്റെ ട്വീറ്റിന് കമൽ ഹാസൻ മറുപടി പറഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ റിവ്യൂവിന് പ്രിയപ്പെട്ട ഉദയനിധി സ്‌റ്റാലിന് നന്ദി പറയുന്നുവെന്നാണ് കമൽ ഹാസൻ ട്വീറ്റ് ചെയ്‌തത്‌. താങ്കൾ ഒരു ആരാധകൻ ആണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ചിത്രത്തെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം വിക്രം സിനിമയുമായി ബന്ധപ്പെട്ട എന്റെ സഹോദരങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

Read More: പേരില്ലാതെ സൂര്യ; ‘വിക്രം’ സിനിമയിലെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധനേടുന്നു

അതേ സമയം കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ നേരത്തെ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

Story Highlights: Udayanidhi stalin about vikram