‘വഖാര്‍ യൂനിസ് അല്ല, എന്റെ മാതൃക മറ്റ് ചില ബൗളർമാരാണ്’; തന്നെ സ്വാധീനിച്ച ബൗളർമാരെ പറ്റി ഇന്ത്യൻ പേസ് താരം ഉമ്രാൻ മാലിക്ക്

June 6, 2022

കുറച്ചു മത്സരങ്ങൾ കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പേസ് ബൗളറാണ് ഉമ്രാൻ മാലിക്ക്. ഐപിഎൽ മത്സരങ്ങളിൽ തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗതയിൽ പന്തെറിയുന്ന താരത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്ത് വന്നിരുന്നു.

ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ബ്രെറ്റ് ലീ ഉമ്രാൻ മാലിക്കിനെ പുകഴ്ത്തി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. താൻ ഉമ്രാന്റെ വലിയ ആരാധകനാണെന്നും എതിർ ടീമിൽ വലിയ നഷ്ടങ്ങൾ ഉണ്ടാക്കാനുള്ള പേസ് ഉമ്രാന്റെ പന്തുകൾക്കുണ്ടെന്നും ബ്രെറ്റ് ലീ പറഞ്ഞിരുന്നു. ഉമ്രാന്റെ റണ്ണപ്പ് കാണുമ്പോള്‍ മുൻ പാകിസ്ഥാൻ താരം വഖാർ യൂനിസിനെയാണ് തനിക്ക് ഓർമ വരുന്നതെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.

എന്നാലിപ്പോൾ വഖാര്‍ യൂനിസ് അല്ല ബൗളിങ്ങിൽ തന്നെ സ്വാധീനിച്ചതെന്ന് പറഞ്ഞിരിക്കുകയാണ് ഉമ്രാൻ. താൻ വഖാര്‍ യൂനിസിനെ പിന്തുടർന്നിട്ടില്ലെന്നും തനിക്ക് സ്വതസിദ്ധമായ ഒരു ആക്ഷനുണ്ടെന്നും പറഞ്ഞിരിക്കുകയാണ് താരം. താൻ പിന്തുടരുന്നത് ജസ്‌പ്രീത് ബുമ്ര മുഹമ്മദ് ഷമി ഭുവനേശ്വര്‍ കുമാർ തുടങ്ങിയ താരങ്ങളെയാണെന്നും ഇവരാണ് തന്റെ മാതൃകാ താരങ്ങളെന്നും ഉമ്രാൻ കൂട്ടിച്ചേർത്തു.

Read More: “എന്റെ പ്രസംഗത്തിനിടയിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുന്ന ഹെറ്റ്മയറിന് എന്റെ പ്രത്യേക നന്ദി..”; സഹതാരങ്ങളെയും ആരാധകരെയും പൊട്ടിച്ചിരിപ്പിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ

ഐപിഎല്ലിലെ ഫൈനൽ മത്സരം വരെ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിന്റെ റെക്കോർഡ് ഉമ്രാന്റെ പേരിലായിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായുള്ള മത്സരത്തിൽ 157 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്തിലൂടെയാണ് ഉമ്രാൻ റെക്കോർഡ് സ്വന്തമാക്കിയത്. ഫൈനലിൽ ലോക്കി ഫെർഗൂസനനാണ് താരത്തിന്റെ റെക്കോർഡ് തകർത്തത്. കഴിഞ്ഞ സീസണിലെ എമേര്‍ജിംഗ് പ്ലയറായി തിരഞ്ഞെടുക്കപ്പെട്ടതും ഉമ്രാൻ മാലിക്ക് തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Umran malik about the bowlers who influenced him