‘ആർആർആർ’ സിനിമയിലെ ശ്രദ്ധേയമായ ട്രെയിൻ രംഗം; വിഎഫ്എക്സ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

June 1, 2022

എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ‘ആർആർആർ’. തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രം ദിവസങ്ങൾക്കുള്ളിൽ കോടികൾ കളക്ഷൻ നേടിയിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ വിഎഫ്എക്സ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിലെ തീവണ്ടി അപകടത്തിന്റെ ബ്രേക്‌ഡൗൺ വിഡിയോയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. വി ശ്രീനിവാസ് മോഹൻ ആണ് വി എഫ് എക്സ് വിഭാഗം കൈകാര്യം ചെയ്തിരുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ ആയിരുന്നു.

സൂപ്പർതാരങ്ങളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ അല്ലൂരി സീതാരാമ രാജു, കോമര ഭീം എന്നീ വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം ലോകമെമ്പാടും ഒന്നിലധികം ഭാഷകളിലാണ് റിലീസ് ചെയ്തത്.  എസ്എസ് രാജമൗലിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാണികൾ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

Read Also: പിറന്നാൾ പാട്ടിനിടയിൽ പ്രിയതമയുടെ സർപ്രൈസ് എൻട്രി; എം ജി ശ്രീകുമാറിന്റെ രസകരമായ പ്രതികരണം- വിഡിയോ

രണ്ട് വിപ്ലവകാരികളുടെ സാങ്കൽപ്പിക കഥയാണ് ‘ആർആർആർ’ പറയുന്നത്. ‘ആർആർആർ’ ന്റെ പൂർണ്ണരൂപം ‘രൗദ്രം രണം രുധിരം’ എന്നാണ്. ബോളിവുഡ് താരം ആലിയ ഭട്ടും ഹോളിവുഡ് നടി ഒലീവിയ മോറിസുമാണ് ‘ആർആർആർ’ എന്ന ചിത്രത്തിൽ നായികമാരായി എത്തുന്നത്. അജയ് ദേവ്ഗണും അതിഥിയായി എത്തുന്നു. അഭിനേതാക്കളായ സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു.

Story highlights- vfx breakdown video of RRR