ജലം കിട്ടാക്കനി; വെള്ളമെടുക്കാൻ ആഴമേറിയ കിണറ്റിലിറങ്ങുന്ന സ്ത്രീകളും കുട്ടികളും- ഞെട്ടിപ്പിക്കുന്ന കാഴ്ച

June 5, 2022

സമൂഹമാധ്യമങ്ങൾ ദിവസവും പരിചയപ്പെടുത്തുന്ന വിഡിയോകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ശുദ്ധജലത്തിനായി അതിസാഹസീകമായി കിണറ്റിലിറങ്ങുന്ന ഒരു കൂട്ടം യുവതികളുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. ആഴമേറിയ കിണറിന്റെ അടിത്തട്ടിൽ അവശേഷിക്കുന്ന വെള്ളത്തിനായാണ് ഈ യുവതികളും കുട്ടികളും കിണറ്റിൽ ഇറങ്ങുന്നത്. വെള്ളം കോരി ബക്കറ്റിൽ നിറച്ച ശേഷം ഇവ കയറിൽകെട്ടി മുകളിലേക്ക് കയറ്റിവിടും. ഇത് മുകളിൽ നിൽക്കുന്ന ആൾ എടുക്കും. വെള്ളം കയറ്റിവിട്ടശേഷം യുവതികൾ കയറിന്റെ സഹായമില്ലാതെ കിണറിന്റെ ഭിത്തിയിൽ പിടിച്ചുകൊണ്ടാണ് മുകളിലേക്ക് കയറിവരുന്നത്.

യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് ഇവർ കിണറ്റിൽ ഇറങ്ങുന്നത്. വിഡിയോയിൽ കാണുന്നത് പ്രകാരം കിണറിന്റെ അടിയിൽ ഒരു പെൺകുട്ടിയും യുവാവും ഇരുന്ന് ബക്കറ്റിലേക്ക് വെള്ളം കോരി നിറയ്ക്കുന്നതാണ് കാണുന്നത്. ശേഷം ഈ പെൺകുട്ടി കിണറ്റിന്റെ ഭിത്തിയിൽ പിടിച്ച് മുകളിലേക്ക് കയറുകയാണ്. വളരെയധികം സാഹസീകമായും ബുദ്ധിമുട്ടിയുമാണ് ഇവർ ഇത്തരത്തിൽ വെള്ളം എടുക്കുന്നത്.

അതിസാഹസീകമായി കിണറ്റിൽ ഇറങ്ങുകയും കയറുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങൾ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 53 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ  ഇന്ത്യയിൽ നിന്നുള്ളതാണ്. മധ്യപ്രദേശിലെ ഘുസിയ ഗ്രാമത്തിലെ ദിന്‍ഡോരി ജില്ലയില്‍ നിന്നുള്ളതാണ് ഈ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ. വേനൽക്കാലമായതിനാൽ ഗ്രാമത്തിലെ ഒട്ടുമിക്ക കുളങ്ങളും കിണറുകളും വറ്റിവരണ്ട സാഹചര്യത്തിലാണ് ഗ്രാമവാസികൾ അവശേഷിച്ച ഈ കിണറിൽ നിന്നും അതിസാഹസീകമായി വെള്ളം എടുക്കുന്നത്.

Read also: ‘ഒരൊറ്റ ഭൂമി’- പരിസ്ഥിതിയെ മറന്നൊരു കളിവേണ്ട

ശേഖരിച്ച വെള്ളവുമായി കനത്ത ചൂടിൽ കിലോമീറ്ററുകളോളം നടന്നുനീങ്ങുന്ന യുവതികളുടെ ചിത്രങ്ങളും എഎൻഐ പങ്കുവെച്ചിട്ടുണ്ട്. വേനൽ ആയാൽ ഓരോ വർഷവും ഈ ഗ്രാമത്തിലെ അവസ്ഥ ഇതാണെന്നും തങ്ങളെ സഹായിക്കാൻ ആരുമില്ലെന്നും പറയുകയാണ് ഈ ഗ്രാമവാസികൾ.

Story highlights: Video of People Risk Their Lives To Fetch Water From A Well