‘വിസിൽ പോട്’, ദളപതിയുടെ ചിത്രത്തിൽ ‘തല’ അതിഥി വേഷത്തിൽ; ആരാധകർ ആവേശത്തിന്റെ കൊടുമുടിയിൽ

June 21, 2022

ദളപതി വിജയിയുടെ ആരാധകർ ഇപ്പോൾ വലിയൊരു സർപ്രൈസ് വാർത്ത കേട്ട അമ്പരപ്പിലാണ്. ലോകേഷ് കനകരാജിന്റെ ചിത്രത്തിന് ശേഷം വിജയ് അഭിനയിക്കാൻ പോകുന്നത് ആരാധകരുടെ പ്രിയപ്പെട്ട ‘തല’ ധോണിയുടെ ചിത്രത്തിലാണ്. ധോണി ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ വിജയ് നായകനായെത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിൽ ധോണി അതിഥി വേഷത്തിലും എത്തുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായി വർഷങ്ങളായി തമിഴ് നാട്ടിൽ വലിയ ആരാധക വൃന്ദമുള്ള ധോണിയെ ആരാധകരുടെ സ്വന്തം ദളപതിയോടൊപ്പം സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അധികം വൈകില്ല എന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്ന നടൻ വിജയിയുമായി ധോണിക്ക് അടുത്ത സൗഹൃദം തന്നെയായിരുന്നു ഉണ്ടായിരുന്നത്. തങ്ങളുടെ ‘ദളപതിയും’ ‘തലയും’ ഒരു സിനിമയ്ക്കായി കൈകോർക്കുന്നത് വലിയ ആവേശത്തോടെയാണ് ആരാധകർ കാണുന്നത്.

Read More: “എന്നെന്നും പ്രിയപ്പെട്ട കേരളത്തിന്..”; പിറന്നാളാശംസകൾക്ക് നന്ദി പറഞ്ഞു കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ തുറന്ന കത്ത്

അതേ സമയം ബീസ്റ്റാണ് വിജയിയുടെ അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. വിജയ് ആരാധകരുടെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 12 നാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ ബീസ്റ്റ് റിലീസിനെത്തിയത്. ആദ്യത്തെ ഷോ മുതൽ തന്നെ പുറത്തു വന്നു തുടങ്ങിയ നെഗറ്റീവ് അഭിപ്രായങ്ങൾ ചിത്രത്തെ കാര്യമായി ബാധിച്ചിരുന്നു. അതോടൊപ്പം അതേ ദിവസം തന്നെ റിലീസ് ചെയ്‌ത കെജിഎഫ് 2 വിന്റെ വമ്പൻ വിജയവും ബീസ്റ്റിന്റെ പ്രദർശനത്തെ ബാധിച്ചു. എങ്കിലും മികച്ച കളക്ഷൻ തന്നെയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്.

Story Highlights: Vijay will act in a movie produced by dhoni