ജോ റൂട്ടിന്റെ വൈറലായ ബാറ്റ് ബാലൻസിംഗ് അനുകരിക്കാൻ ശ്രമിച്ച് വിരാട് കോലി, പക്ഷെ സംഭവിച്ചത് മറ്റൊന്ന്; രസകരമായ വിഡിയോ പങ്കുവെച്ച് ആരാധകർ

June 24, 2022

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും വൈറലായ ഒരു വിഡിയോയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോ റൂട്ടിന്റെ ബാറ്റ് ബാലൻസിംഗ് വിഡിയോ. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ 115 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ ജയിപ്പിച്ച ഇന്നിങ്സിനിടയിലാണ് റൂട്ട് ബാറ്റ് ബാലന്‍സിംഗ് ചെയ്‌ത്‌ ആരാധകരെ അദ്ഭുതപ്പെടുത്തിയത്.

ഇപ്പോൾ മുൻ ഇന്ത്യൻ നായകൻ വിരാട് കോലി റൂട്ടിന്റെ ബാറ്റ് ബാലൻസിംഗ് ശ്രമിച്ചു നോക്കുന്ന ഒരു വിഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജോ റൂട്ട് ചെയ്‌തത്‌ പോലെ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിൽക്കുമ്പോൾ ബാറ്റ് ക്രീസിൽ ബാലൻസ് ചെയ്‌തു നിർത്താൻ കോലി ശ്രമിക്കുകയാണ്. എന്നാൽ ബാറ്റ് വിചാരിച്ച പോലെ നിൽക്കാതെ താഴേക്ക് വീഴുകയായിരുന്നു.

ഇതിന്റെ രസകരമായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ലെസസ്റ്റര്‍ഷെയറിനെതിരായി ഇന്ത്യൻ ടീം ഒരു പരിശീലന മത്സരം കളിക്കുന്നുണ്ട്. ഇതിനിടയിലാണ് കോലി ബാറ്റ് ബാലൻസിംഗ് ശ്രമിച്ചു നോക്കിയത്.

അതേ സമയം കരിയറിലെ തന്നെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് വിരാട് കോലി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ കുറച്ചു നാളുകളായി മികവ് പുറത്തെടുക്കാൻ കഴിയാത്ത താരമാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോലി. ഐപിഎല്ലിലും തിളക്കം കുറഞ്ഞ പ്രകടനമാണ് കോലി കാഴ്ച്ചവെച്ചത്.

Read More: ‘നമ്മളെക്കൊണ്ട് ആർപ്പ് വിളിപ്പിച്ച, വിസിലടിപ്പിച്ച നമ്മുടെ തലയോടൊപ്പം ഒരിക്കലും വിശ്വസിക്കാനാവാത്ത ഒരു വിമാനയാത്ര..’- ആവേശമാർന്നൊരു കൂടിക്കാഴ്ചയുടെ ഹൃദ്യമായ അനുഭവക്കുറിപ്പ്

ഐപിഎല്ലിൽ കഴിഞ്ഞ 14 സീസണുകളിൽ 3 തവണ മാത്രമാണ് കോലി ഗോൾഡൻ ഡക്കായിട്ടുള്ളത്. എന്നാൽ കഴിഞ്ഞ സീസണിൽ മാത്രം 3 മത്സരങ്ങളിൽ കോലി ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ഐപിഎല്ലിലെ ഏറ്റവും വലിയ റൺവേട്ടക്കാരിലൊരാളായ കോലിക്ക് പക്ഷെ കഴിഞ്ഞ സീസണിൽ വെറും രണ്ട് അർധസെഞ്ചുറികൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതോടെയാണ് കോലിക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമായത്. ഇംഗ്ലണ്ട് പരമ്പരയിൽ കോലിക്ക് ഫോം വീണ്ടെടുക്കാൻ കഴിയുമെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒരേ പോലെ പ്രതീക്ഷിക്കുന്നത്.

Story Highlights: Virat kohli tries bat balancing