‘നത്യ മെയ്തു’ അഭിനയിച്ച സിനിമയാണ്- ചിരിനിറച്ച് മേഘ്നക്കുട്ടി

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. പാട്ടിനൊപ്പം ഒട്ടേറെ ചിരി വിശേഷങ്ങൾ നിറയുന്ന വേദി എപ്പോഴും ആഘോഷങ്ങളുടേത് കൂടിയാണ്. പിറന്നാൾ ചിരികളും കളികളും നിറയുന്ന വേദിയിൽ കുട്ടിക്കുറുമ്പുകളുടെ സംസാരവും രസകരമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. പാട്ടുവേദിയിലെ കുറുമ്പിയായ ഗായികയാണ് മേഘ്ന സുമേഷ്.
പാട്ടുപാടാനെത്തിയാൽ വാതോരാതെ വിശേഷങ്ങളുമുണ്ടാകും പറയാൻ ഈ മിടുക്കിക്ക്. ഇപ്പോഴിതാ, ഒരു സുന്ദര ഗാനവുമായി എത്തിയിരിക്കുകയാണ് മിടുക്കി. തെന്നലാടും പൂമരത്തിൽ എന്ന ഗാനമാണ് മേഘ്ന ആലപിക്കുന്നത്. ഗാനരംഗത്ത് നടി ധരിച്ച തരത്തിലുള്ള വസ്ത്രമാണ് മേഘ്നയും അണിഞ്ഞിരുന്നത്. പാട്ടുവേദിയിലേക്ക് എത്തിയ മേഘ്നയോട് എന്താണ് ഇങ്ങനെയൊരു വേഷമെന്നു ചോദിച്ചപ്പോൾ സിനിമയിൽ അങ്ങനെയാണ് എന്ന് മറുപടി നൽകി. അപ്പോഴാണ് എം ജി ശ്രീകുമാറിന്റെ വക അടുത്ത ചോദ്യം എത്തിയത്. ആരാണ് ചിത്രത്തിൽ അഭിനയിച്ചത് എന്നായിരുന്നു ചോദ്യം.
എന്നെ കുടുക്കല്ലേ എം ജി അങ്കിളേ എന്ന് പറയുന്നുണ്ടെകിലും മേഘ്നക്കുട്ടി പേര് ആലോചിച്ച് പറയുകയാണ്. ‘നത്യ മെയ്തു’ അല്ലെ എന്നാണ് കുഞ്ഞുമിടുക്കി ചോദിക്കുന്നത്. രസകരമായ ഈ മറുപടി പാട്ടുവേദിയിൽ ചിരിനിറയ്ക്കുകയാണ്. എല്ലാവരും ചിരിച്ചപ്പോൾ ഇത് തെറ്റാണെന്നു തനിയ്ക്ക് അറിയാം എന്നും ഈ കുറുമ്പി പറയുന്നു.
മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തിന് വേറിട്ടൊരു തലം സമ്മാനിച്ച ടെലിവിഷൻ ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. സർഗപ്രതിഭയുള്ള കുരുന്നുഗായകരെ കണ്ടെത്താൻ ഏതാനും വർഷമായി രണ്ടു സീസണുകളിലായി മുന്നേറുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. പാട്ടിനൊപ്പം തന്നെ രസകരമായ സംസാരത്തിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ മേഘ്ന ഒഡീഷൻ മുതൽ തന്നെ വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു.
Story highlights- When the name Nadiya Moidu confused Meghna Kutty