മാതാപിതാക്കളെയും കൊണ്ട് നാട്ടിലേക്ക് പറക്കാൻ സർപ്രൈസ് ഒരുക്കി പൈലറ്റായ മകൻ- ഹൃദ്യമായൊരു കാഴ്ച്ച
കുട്ടികളായിരിക്കുമ്പോൾ എല്ലാവരുടെയും ആഗ്രഹം മുതിർന്നു കഴിയുമ്പോൾ അച്ഛനമ്മമാർക്ക് അഭിമാനമായി മാറണം എന്നാണ്. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോൾ മാതാപിതാക്കളെക്കാൾ സന്തോഷവും സംതൃപ്തിയും നമുക്ക് തന്നെയാണ്. അങ്ങനെയൊരു സ്വപ്ന സാക്ഷത്കാരമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ചെറുപ്പം മുതൽ പൈലറ്റ് ആകണമെന്ന സ്വപ്നം ഉള്ളിൽകൊണ്ടുനടന്ന വ്യക്തിയാണ് കമൽ കുമാർ. പൈലറ്റായപ്പോൾ മുതൽ മാതാപിതാക്കളെ രാജസ്ഥാനിലെ ജയ്പൂരിലേക്ക് വിമാനത്തിൽ കൊണ്ടുപോകണം എന്ന് ആഗ്രഹമുണ്ടായിരുന്നു.
പൈലറ്റായ കമൽ കുമാറാണ് ഹൃദയസ്പർശിയായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മാതാപിതാക്കൾ മകനുണ്ടെന്ന് അറിയാതെ വിമാനത്തിൽ കയറുന്നതും പെട്ടെന്ന് കോക്പിറ്റ് പ്രവേശന കവാടത്തിൽ മകനെ കാണുന്നതും വിഡിയോയിൽ കാണിക്കുന്നു. കോക്പിറ്റിൽ മാതാപിതാക്കളോടൊപ്പം ഇരിക്കുന്ന കമലിന്റെ ചിത്രങ്ങളും വിഡിയോയിലുണ്ട്.
‘ഞാൻ പൈലറ്റായതുമുതൽ ഇതിനായി കാത്തിരിക്കുകയായിരുന്നു, ഒടുവിൽ അവരെയുമായി ജയ്പൂരിലേക്ക് തിരികെ പറക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇത് അത്തരമൊരു വികാരമാണ്’ ഇങ്ങനെയൊരു അടിക്കുറിപ്പോടെ അദ്ദേഹം വിഡിയോ പങ്കിട്ടു. വളരെ ഹൃദ്യമാണ് ഈ കാഴ്ച.
അതേസമയം, പലവിധത്തിലാണ് മക്കൾ മാതാപിതാക്കൾക്ക് അഭിമാനമാകുന്നത്. മക്കളുടെ വിജയം മാതാപിതാക്കൾക്ക് എന്നും അഭിമാനം സമ്മാനിക്കുന്നതാണ്. ഉയർന്ന മാർക്ക് വാങ്ങുന്നത് മുതൽ കലാമത്സരങ്ങളിലും ജീവിതത്തിലുമെല്ലാം മക്കൾ തിളങ്ങുന്നത് ഏത് അച്ഛനമ്മമാർക്കും നൽകുന്ന സന്തോഷം ചെറുതല്ല. മകന്റെ വിജയം അഭിമാനത്തോടെ പങ്കുവയ്ക്കുന്ന ഒരു അച്ഛനും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ
മകന്റെ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം യാത്രക്കാരുമായി പങ്കുവയ്ക്കുന്ന ഒരു ഓട്ടോ ഡ്രൈവറായ അച്ഛനെകുറിച്ചാണിത്. ഒരാൾ ഒരു മാർക്ക് ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ അച്ഛനും മകനും ശ്രദ്ധനേടിയത്. 600-ൽ 592 മാർക്കാണ് മകൻ നേടിയത്.
Story highlights- A pilot surprised his parents