’14 വർഷം, ആയിരം പ്രതിബന്ധങ്ങൾ, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ’- ‘ആടുജീവിതം’ പൂർത്തിയായി

July 14, 2022

ഒന്നിലധികം തവണ കാലതാമസങ്ങൾ നേരിട്ടും നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരൻ തന്റെ അഭിലാഷ പദ്ധതിയായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇത്രയധികം തടസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വേറെയില്ല. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവൻ വിദേശ ഷെഡ്യൂളും നാട്ടിലെ ഷെഡ്യൂളും അവസാനിച്ചിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധനേടുന്നു. ’14 വർഷം, ആയിരം പ്രതിബന്ധങ്ങൾ, ഒരു ദശലക്ഷം വെല്ലുവിളികൾ, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ… ഒരു അതിമനോഹരമായ കാഴ്ച! ബ്ലെസിയുടെ ആടുജീവിതം …പാക്ക് അപ്പ്’- പൃഥ്വിരാജ് കുറിക്കുന്നു.

ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി പ്രശസ്ത ചലച്ചിത്രകാരൻ ബ്ലെസിയാണ് ‘ആടുജീവിതം’ സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഈ വേഷത്തിനായി ശരീരഭാരം കുറച്ച് രൂപാന്തരം വരുത്തിയത് ശ്രദ്ധനേടിയിരുന്നു.

രണ്ട് വർഷത്തിലേറെയായി ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. എആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രവർത്തകർ, ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

read Also; സ്മാർട്ട് ഫോണിൽ സ്ക്രോൾ ചെയ്ത് ചിത്രങ്ങൾ കാണുന്ന കുരങ്ങന്മാർ- രസകരമായ വിഡിയോ

അതേസമയം, ജോർദാനിൽ നിന്നും ലോക്ക് ഡൗൺ പ്രതിസന്ധി കാരണം രണ്ടുമാസത്തോളം കുടുങ്ങികിടക്കേണ്ടി വന്നിരുന്നു ആടുജീവിതം ടീമിന്. അതിനുശേഷം ‘ആടുജീവിതം’ ടീം കേരളത്തിലേക്ക് മടങ്ങിയെത്തിയത്. പ്രത്യേക വിമാനത്തിലാണ് 58 അംഗ സംഘം കേരളത്തിൽ എത്തിയത്. പിന്നാലെ പൃഥ്വിരാജ്, ബ്ലസി എന്നിവർ അടങ്ങുന്ന സിനിമാ പ്രവർത്തകരെല്ലാം ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു.

Story highlights- aadujeevitham movie shooting completed