പാത്രം മുതൽ തറവരെ വൃത്തിയാക്കാം; ശുചീകരണത്തിനായി വീട്ടിൽ തയ്യറാക്കാവുന്ന കൂട്ട് പങ്കുവെച്ച് നടി അദിതി ബാലൻ
പരിസ്ഥിതിയോട് മനുഷ്യൻ ഇണങ്ങി ജീവിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഒട്ടേറെ കാര്യങ്ങൾ പ്രകൃതിക്കായി ചെയ്യേണ്ടതുണ്ട്. പാരിസ്ഥിതിക ബോധമുള്ള ആളുകൾ വളരെ കുറവാണ് നമുക്കിടയിൽ. എന്നാൽ അങ്ങനെയുള്ളവരിൽ ശ്രദ്ധേയയാണ് നടി അദിതി ബാലൻ. പാരിസ്ഥിതിക ബോധമുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്ന ആളാണ് അദിതി ബാലൻ. ഇപ്പോഴിതാ, ശുചീകരണത്തിനായി ബയോ എൻസൈമുകൾ തയ്യാറാക്കുന്നതിനെ കുറിച്ചുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ‘അരുവി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി.
ഇൻസ്റ്റാഗ്രാം പേജിലാണ് അദിതി ബാലൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അദിതി ബാലന്റെ വാക്കുകൾ; ‘ബയോ എൻസൈമുകൾ അക്ഷരാർത്ഥത്തിൽ എന്തിനും ഒരു ക്ലീനിംഗ് ഏജന്റായി ഉപയോഗിക്കാം. നിങ്ങളുടെ പാത്രങ്ങൾ, നിങ്ങളുടെ തറ, കണ്ണാടികൾ, പ്രതലങ്ങൾ എന്നിവ കഴുകാം, നിങ്ങളുടെ ചെടികൾക്കുവേണ്ടിയും ഉപയോഗിക്കാം അതുമല്ലെങ്കിൽ, അലക്കു സോപ്പായി പോലും ഉപയോഗിക്കാം. ഇത് പൂർണ്ണമായും രാസ രഹിതമാണ്.
ബയോ എൻസൈമുകൾ ഉണ്ടാക്കുന്ന വിധം: ഓരോ 300 ഗ്രാം നാരങ്ങാ തൊലിയിലും 100 ഗ്രാം ശർക്കരയും 1000 മില്ലി വെള്ളവും ചേർക്കുക. ഇവിടെ ഞാൻ 1350 ഗ്രാം നാരങ്ങാ തൊലികളും 450 ഗ്രാം ശർക്കരയും 4.5 ലിറ്റർ വെള്ളവും എടുത്തിട്ടുണ്ട്. ഒരു എയർടൈറ്റ് കണ്ടെയ്നറിൽ ഇട്ട് വെക്കുക. അടുത്ത ഒന്നര മാസത്തേക്ക് എല്ലാ ദിവസവും ലിഡ് തുറക്കുക, വാതകം പുറത്തുവരാൻ അനുവദിക്കുക അല്ലെങ്കിൽ അത് ഗ്യാസ് ഉൽപ്പാദനം നിർത്തുന്നത് വരെ ഇത് തുടരുക. 3 മാസത്തേക്ക് ഈ പ്രക്രിയ തുടരാൻ നിങ്ങൾ അനുവദിക്കുക. ഇപ്പോൾ നിങ്ങളുടെ ബയോ എൻസൈമുകൾ തയ്യാറാണ്.’
അതേസമയം, വളരെയധികം നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമാണ് അരുവി. അദിതി ബാലൻ നായികയായി എത്തിയ സ്ത്രീകേന്ദ്രീകൃത ചിത്രം എല്ലാ ഭാഷകളിലും ശ്രദ്ധേയമായിരുന്നു. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പടവെട്ട് ’ എന്ന മലയാള ചിത്രത്തിലാണ് അദിതി ഇനി വേഷമിടുന്നത് . സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന ആദ്യ ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്. നിവിൻ പോളിയാണ് നായകൻ. മഞ്ജു വാര്യരും ചിത്രത്തിൽ വേഷമിടുന്നു.
Story highlights- Aditi Balan shares a method to prepare bio enzymes