‘താനോസിനെ പോലെ സന്തനം, റോളക്‌സ് കിക്ക് ആസ്’; വിക്രത്തിന് പ്രശംസയുമായി അൽഫോൻസ് പുത്രൻ

July 13, 2022

കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്ന തിയേറ്ററുകൾക്ക് വലിയ ഉണർവ്വാണ് കമൽ ഹാസൻ ചിത്രം വിക്രം നൽകിയത്. ഇന്ത്യയൊട്ടാകെ വമ്പൻ വിജയമാണ് വിക്രം നേടിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’

പല ബോളിവുഡ് ചിത്രങ്ങളുടെ വിജയത്തെയും വിക്രത്തിന്റെ ബോക്‌സോഫീസ് തേരോട്ടം ബാധിച്ചിരുന്നു. വമ്പൻ വിജയമാണ് തിയേറ്ററുകളിൽ ചിത്രം നേടിയത്. തിയേറ്ററുകളിലെ വിജയത്തേരോട്ടത്തിന് ശേഷം വിക്രം ഒടിടിയിൽ റിലീസ് ചെയ്‌തിരുന്നു. ഡിസ്‌നി-ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്‌തത്‌.

ഒടിടിയിലെത്തിയതോടെ തിയേറ്ററുകളിൽ ചിത്രം കാണാൻ കഴിയാതെ പോയ പല പ്രമുഖരും പ്രേക്ഷകരും ഒരേ പോലെ ചിത്രത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ പ്രമുഖ സംവിധായകൻ അൽഫോൻസ് പുത്രൻ ചിത്രത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച സന്തനം അവഞ്ചേഴ്‌സ് ചിത്രങ്ങളിലെ വില്ലൻ കഥാപാത്രമായ താനോസിനെ പോലെ മാസ്സായിരുന്നുവെന്ന് പറയുകയാണ് അൽഫോൻസ്.

ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പന്‍, കമൽ ഹാസന്റെ ഏജന്റ് വിക്രം എന്നിവരെയും ഫഹദ് ഫാസിലിന്റെ അമറിനെയും തനിക്ക് ഏറെ ഇഷ്ടമായി എന്ന് പറഞ്ഞ സംവിധായകൻ സൂര്യയുടെ റോളക്‌സ് കിക്ക് ആസായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

Read More: എ ആർ റഹ്‌മാന്റെ മാന്ത്രിക സംഗീതത്തിൽ ‘മലയൻകുഞ്ഞ്’-ലെ ഗാനം; ഉള്ളുതൊട്ട ഈണം

കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ടായിരുന്നു.

Story Highlights: Alphonse puthren praises vikram movie