“കരുത്തനായിരിക്കുക, ഈ സമയവും കടന്ന് പോകും..”; കോലിക്ക് പിന്തുണയുമായി പാകിസ്ഥാൻ ക്രിക്കറ്റ് നായകൻറെ ട്വീറ്റ്
കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഒട്ടും ഫോമിലല്ലാത്ത താരം വലിയ വിമർശനങ്ങളാണ് ആരാധകരിൽ നിന്നും നിരവധി മുൻ താരങ്ങളിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. കോലി പ്രതിഭാധനരായ ഒട്ടേറെ യുവതാരങ്ങളുടെ ടീമിലേക്കുള്ള പ്രവേശനത്തിന് തടസ്സമായി നിൽക്കുകയാണെന്നും അതിനാൽ തന്നെ തല്ക്കാലം മാറി നിൽക്കണമെന്നുമാണ് മുൻ താരങ്ങൾ അഭിപ്രായപ്പെടുന്നത്.
എന്നാലിപ്പോൾ കോലിയെ പിന്തുണച്ച് പാകിസ്ഥാൻ നായകൻ ബാബർ അസം പങ്കുവെച്ച ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും ഫോം വീണ്ടെടുക്കാൻ കോലിക്ക് കഴിഞ്ഞിരുന്നില്ല. പരമ്പരയിലെ രണ്ടാം ഏകദിനത്തിലും കുറഞ്ഞ സ്കോറിന് താരം പുറത്താവുകയായിരുന്നു. വെറും 16 റൺസ് മാത്രമാണ് കോലിക്ക് മത്സരത്തിൽ നേടാൻ കഴിഞ്ഞത്.
ഇതോടെയാണ് ബാബർ അസം കോലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ‘കരുത്തനായിരിക്കുക, ഈ സമയവും കടന്ന് പോകും..’ എന്നാണ് ബാബർ ട്വീറ്റ് ചെയ്തത്. കോലിയോടൊപ്പം നിൽക്കുന്ന ഫോട്ടോയും ബാബർ അസം ട്വീറ്റിനൊപ്പം പങ്കുവെച്ചു. വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇരു താരങ്ങളും തമ്മിലുള്ള സൗഹൃദത്തെയാണ് ആരാധകർ പുകഴ്ത്തുന്നത്.
This too shall pass. Stay strong. #ViratKohli pic.twitter.com/ozr7BFFgXt
— Babar Azam (@babarazam258) July 14, 2022
Read More: പന്ത് തട്ടി പരിക്കേറ്റ കുട്ടിയെ കാണാൻ ഇന്ത്യൻ നായകനെത്തി; ജേഴ്സി സമ്മാനം നൽകി ഇംഗ്ലണ്ട് ടീം
അതേ സമയം കോലിയെ പിന്തുണച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും രംഗത്ത് വന്നിരുന്നു. എല്ലാ താരങ്ങളുടെ കരിയറിലും ഉയർച്ച താഴ്ച്ചകൾ ഉണ്ടാവുമെന്നും ഒരുപാട് നാളുകളായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു താരത്തിന്റെ ഭാവി ഒന്നോ രണ്ടോ പരമ്പരയിലെ മോശം പ്രകടനം കൊണ്ട് നിർണയിക്കപ്പെടുകയില്ലെന്നുമാണ് കോലിയെ പിന്തുണച്ച് രോഹിത് പറഞ്ഞത്. പുറത്തു നിന്ന് എത്ര വിമർശനങ്ങൾ വന്നാലും ടീം താരങ്ങളെ പിന്തുണയ്ക്കുകയും വീണ്ടും അവസരങ്ങൾ നൽകുകയും ചെയ്യുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.
Story Highlights: Babar azam’s tweet supporting kohli