വിസ്മയിപ്പിച്ച് ബാർബി ശർമ്മ; ഹൃദയംതൊട്ട് പ്യാലി ട്രെയ്‌ലർ

July 3, 2022

ബാര്‍ബി ശര്‍മ്മ എന്ന അഞ്ച് വയസ്സുകാരി കേന്ദ്രകഥാപാത്രമായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് പ്യാലി. ദുല്‍ഖൽ സൽമാന്റെ വേഫെറെര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം എന്‍ എഫ് വര്‍ഗ്ഗിസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ സോഫിയ വര്‍ഗ്ഗീസ് ആണ് നിര്‍മിക്കുന്നത്. ഇപ്പോഴിതാ ചലച്ചിത്രപ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്‌ലർ.

സഹോദര സ്നേഹത്തിന്റെ ആഴവും അർത്ഥവും പറയുന്ന ചിത്രത്തിൽ ബാർബി ശർമയ്‌ക്കൊപ്പം ജോര്‍ജ് ജേക്കബും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്യാലിയുടെ സഹോദരൻ 14 വയസ്സുകാരനായാണ് ജോർജ് ജേക്കബ് അഭിനയിക്കുന്നത്. ഇവര്‍ക്കിടയിലെ സ്‌നേഹവും ഇവര്‍ നേരിടേണ്ടിവരുന്ന ചില പ്രശ്‌നങ്ങളുമൊക്കെയാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. നവാഗതരായ ബബിത-റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പ്യാലി.

ചിത്രത്തിലേതായി പുറത്തുവന്ന ഒരു ഗാനവും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രശാന്ത് പിള്ള സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയതാണ്.

Read also:അംഗവൈകല്യമുള്ള മകനെ നോക്കണം; ഒരേ സ്ഥാപനത്തിൽ 65 വർഷം ജോലി ചെയ്ത് ഒരമ്മ, തേടിയെത്തിയത് ഗിന്നസ് വേൾഡ് റെക്കോർഡ്‌

അതേസമയം സഹോദര സ്‌നേഹത്തിന്റെ ആഴം പ്രതിഫലിപ്പിച്ചുകൊണ്ടൊരുക്കിയിരിക്കുന്ന പ്യാലി മികച്ച ഒരു കുടുംബ ചിത്രമായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു ചെറിയ കുട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും സംവിധായക ദമ്പതികള്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് ഉറപ്പുവരുത്തിക്കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നതും.

Read also:വിജയ് ദേവരകൊണ്ടയുടെ ചിത്രം ദേഹത്ത് ടാറ്റു ചെയ്ത് ആരാധിക, സർപ്രൈസ് ഒരുക്കി താരം 

ഉണ്ണി മുകുന്ദൻ, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കലയ്ക്കും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രം കൂടിയാണ് പ്യാലി. ജൂലൈ എട്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Story highlights: Baby sharma pyali trailer