ഇന്ത്യൻ താരങ്ങൾക്ക് സർപ്രൈസുമായി തലയെത്തി; ചിത്രങ്ങൾ പങ്കുവെച്ച് ബിസിസിഐയും ചെന്നൈ സൂപ്പർ കിങ്‌സും

July 10, 2022

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 മത്സരം ജയിച്ചതിൻറെ സന്തോഷത്തിലാണ് ടീം ഇന്ത്യ. രണ്ടാമത്തെ മത്സരവും ജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യൻ ടീം ഉറപ്പിച്ചിരിക്കുകയാണ്. ഇന്നാണ് മൂന്നാമത്തെയും അവസാനത്തെയും ടി 20 മത്സരം നടക്കുന്നത്.

ഇതിനിടയിൽ പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾക്ക് ഇരട്ടി മധുരം നൽകി മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി താരങ്ങളെ കാണാൻ ഇംഗ്ലണ്ടിലെത്തി. തന്റെ നാൽപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കാനും വിമ്പിൾഡൺ മത്സരം കാണാനും വേണ്ടിയാണ് ധോണി ഇംഗ്ലണ്ടിലെത്തിയത്. ഇതിനിടയിലായിരുന്നു ഇന്ത്യൻ താരങ്ങൾക്ക് വലിയ സർപ്രൈസ് നൽകി ധോണി ടീമിനെ കാണാനെത്തിയത്.

ധോണി ഇന്ത്യൻ ടീമിനോട് സംസാരിച്ച് നിൽക്കുന്ന ചിത്രങ്ങൾ ബിസിസിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. യുവ ഇന്ത്യൻ താരങ്ങളായ ഇഷാൻ കിഷൻ, ഋഷഭ് പന്ത്, യുസ്വേന്ദ്ര ചാഹൽ എന്നിവരോടൊപ്പം ധോണി സംസാരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ബിസിസിഐ പങ്കുവെച്ചത്. ധോണിയുടെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

Read More: “ജ്യേഷ്‌ഠ സഹോദരനായ താങ്കളെ ക്ലീൻ ബൗൾഡ് ആക്കിയത് ഏറ്റവും വലിയ ബഹുമതിയായി കാണുന്നു..”; ധോണിക്ക് പിറന്നാളാശംസയുമായി ശ്രീശാന്ത് പങ്കുവെച്ച വൈറൽ വിഡിയോ

അതേ സമയം ജൂലൈ 7 നാണ് ധോണി തന്റെ 41-ാം പിറന്നാള്‍ ആഘോഷിച്ചത്. പൊതുവെ പൊതുവേദികളിൽ നിന്നും മാറി നിൽക്കാറുള്ള ധോണിയുടെ പിറന്നാളുകളും മറ്റ് വിശേഷ അവസരങ്ങളുമൊക്കെ ആരാധകരാണ് കൂടുതലും ആഘോഷിക്കാറുള്ളത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത ധോണിയ്ക്കായുള്ള പിറന്നാളാശംസകൾ കൊണ്ട് നിറഞ്ഞിരുന്നു ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായി ആഘോഷിക്കപ്പെടുന്ന ധോണി ഇതിഹാസ താരം കപിൽ ദേവിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ കൂടിയാണ്.

Story Highlights: BCCI shares pictures of dhoni visiting indian team