“ജ്യേഷ്‌ഠ സഹോദരനായ താങ്കളെ ക്ലീൻ ബൗൾഡ് ആക്കിയത് ഏറ്റവും വലിയ ബഹുമതിയായി കാണുന്നു..”; ധോണിക്ക് പിറന്നാളാശംസയുമായി ശ്രീശാന്ത് പങ്കുവെച്ച വൈറൽ വിഡിയോ

July 7, 2022

ഇന്ന് 41-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ലോക ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി. നിരവധി താരങ്ങളും ആരാധകരും ധോണിക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതിൽ പലതും ശ്രദ്ധേയമായി മാറുകയും ചെയ്‌തിരുന്നു.

ഇപ്പോൾ മലയാളിയായ മുൻ ഇന്ത്യൻ താരം ശ്രീശാന്ത് ധോണിക്ക് പിറന്നാളാശംസ നേർന്ന് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഐപിഎൽ മത്സരത്തിൽ ശ്രീശാന്ത് മികച്ച ഒരു പന്തിലൂടെ ധോണിയെ ക്ലീൻ ബൗൾഡ് ആക്കുന്ന ഒരു വിഡിയോയാണ് താരം പങ്കുവെച്ചത്. മുതിർന്ന സഹോദരന് തുല്യനായ താങ്കളെ പുറത്താക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്നാണ് ശ്രീശാന്ത് വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്.

അതേ സമയം റാഞ്ചിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന് ലോക കായിക ചരിത്രത്തിലെ ഇതിഹാസ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റ് താരമാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായി ആഘോഷിക്കപ്പെടുന്ന ധോണി ഇതിഹാസ താരം കപിൽ ദേവിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ കൂടിയാണ്.

പൊതുവെ പൊതുവേദികളിൽ നിന്നും മാറി നിൽക്കാറുള്ള ധോണിയുടെ പിറന്നാളുകളും മറ്റ് വിശേഷ അവസരങ്ങളുമൊക്കെ ആരാധകരാണ് കൂടുതലും ആഘോഷിക്കാറുള്ളത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത ധോണിയ്ക്കായുള്ള പിറന്നാളാശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾ.

Read More: ‘വിസിൽ പോട്’, ദളപതിയുടെ ചിത്രത്തിൽ ‘തല’ അതിഥി വേഷത്തിൽ; ആരാധകർ ആവേശത്തിന്റെ കൊടുമുടിയിൽ

ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകനായി ഐപിഎല്ലിലും ധോണി ആരാധകർക്ക് പ്രിയപ്പെട്ടവനാണ്. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈയെ നയിക്കുന്ന ധോണി നാല് കിരീടങ്ങളും ടീമിനായി നേടിക്കൊടുത്തിട്ടുണ്ട്. ഇന്ന് 41-ാം പിറന്നാള്‍ ആഘോഷിക്കുന്ന ധോണി തന്നെയാണ് ഈ കഴിഞ്ഞ ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചത്.

Story Highlights: Sreesanth birthday wish for dhoni goes viral