പ്രതാപ് പോത്തന് ആദരാഞ്ജലികളർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാൽ അടക്കമുള്ള പ്രമുഖർ

July 15, 2022

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗം നൽകിയ ഞെട്ടലിലാണ് കേരളത്തിന്റെ സാംസ്‌കാരിക ലോകം. ഒട്ടേറെ കഥാപാത്രങ്ങളെ ഇനിയും വെള്ളിത്തിരയിൽ അവതരിപ്പിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.

നിരവധി പ്രമുഖരാണ് പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മോഹൻലാൽ തുടങ്ങിയ പ്രമുഖരൊക്കെ പ്രതാപ് പോത്തന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

“നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്‌. സംവിധായകൻ എന്ന നിലയിലും നിർമാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു.

തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാര്‍ന്ന വേഷങ്ങൾ തലമുറയിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്. വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.

തന്‍റെ അവസാനകാലത്തും ഊർജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കൊപ്പം പങ്കുചേരുന്നു.”- പ്രതാപ് പോത്തന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതേ സമയം വർഷങ്ങളായുള്ള ആത്മബന്ധവും സൗഹൃദവുമാണ് പ്രതാപ് പോത്തനുമായുള്ളത് എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. “അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ”- മോഹൻലാൽ കുറിച്ചു.

Read More: വ്യത്യസ്‌ത വഴികളിലൂടെ നടന്ന പ്രതാപ് പോത്തൻ; വിടവാങ്ങിയത് മലയാളത്തിന്റെ സുവർണ കാലഘട്ട സിനിമകളിലെ നിറ സാന്നിധ്യം

പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത ‘ഒരു യാത്രാമൊഴി’ എന്ന ചിത്രത്തിൽ മോഹൻലാലും ശിവാജി ഗണേശനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ പ്രതാപ് പോത്തൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Chief minister and mohanlal convey their condolences over prathap pothan’s death

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!