കാക്കകുഞ്ഞിനെ മകനെപ്പോലെ ശകാരിച്ചും സ്നേഹിച്ചും ഒരമ്മ; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി മണിക്കുട്ടി, വിഡിയോ

July 5, 2022

കാക്കകൾ പൊതുവെ മനുഷ്യരുമായി അടുത്ത് ചങ്ങാത്തം കൂടാത്ത പക്ഷികളാണ്. എന്നാൽ ഇപ്പോഴിതാ ഒരു കാക്കക്കുഞ്ഞിനെ സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്ന ഒരമ്മയും അമ്മയ്‌ക്കൊപ്പം എപ്പോഴും ഉണ്ടാകുന്ന ഒരു കാക്കയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മണിക്കുട്ടി എന്നാണ് ഈ കാക്കക്കുഞ്ഞിനെ ഈ അമ്മ സ്നേഹത്തോടെ വിളിക്കുന്നത്. മണിക്കുട്ടി എന്ന വിളി കേട്ടാൽ എവിടെയാണെങ്കിലും ഈ കാക്ക ഓടിയെത്തും, പിന്നീട് ഈ അമ്മയുടെ തോളിലും കൈകളിലുമൊക്കെ ഇരിക്കുകയും ‘അമ്മ നൽകുന്ന ഭക്ഷണവും അരിമണികളുമൊക്കെ അനുസരണയോടെ കഴിക്കുകയുമൊക്കെ ചെയ്യും ഈ കാക്ക.

അതേസമയം ശിഹാബ് കോഴിച്ചേന എന്നയാളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഈ വിഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. വിഡിയോയിൽ പറയുന്നത് പ്രകാരം വളരെ ചെറുതായിരിക്കുമ്പോൾ ഈ കുടുംബത്തിന് ലഭിച്ചതാണ് ഈ കാക്കക്കുഞ്ഞിനെ. ആദ്യം ഇതൊരു കുയിലിന്റെ കുഞ്ഞായിരിക്കും എന്ന് കരുതിയാണ് ഇവർ ഇതിനെ വളർത്തിയത്. എന്നാൽ വളർന്നപ്പോൾ ഇതൊരു കാക്കയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കാക്കയെ പറത്തിവിടാൻ ശ്രമിച്ചെങ്കിലും ഇതിനോടകം മണിക്കുട്ടി ഈ കുടുംബവുമായി അടുത്ത ബന്ധം പുറത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ കുടുംബവുമായി വലിയ ചങ്ങാത്തത്തിലാണ് മണിക്കുട്ടിയിപ്പോൾ.

Read also: പ്രിയപ്പെട്ട അധ്യാപകന് യാത്രയയപ്പ്; വിതുമ്പിക്കരഞ്ഞ് വിദ്യാർത്ഥികൾ, ഹൃദയംതൊട്ട കാഴ്ച

ഇവിടുത്തെ അമ്മയുടെ തോളിലാണ് കൂടുതൽ സമയവും മണിക്കുട്ടി ഉണ്ടാവുക. ഇവർ മീൻ വാങ്ങിക്കാൻ പോകുമ്പോഴും മറ്റുമെല്ലാം മണിക്കുട്ടി ഇവരോടൊപ്പം ചെല്ലാറുണ്ട്. എന്തായാലും ഈ കുടുംബത്തിലെ ഒരംഗമായി കഴിഞ്ഞു മണിക്കുട്ടിയിപ്പോൾ. മണിക്കുട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വൈറലായതോടെ നിരവധിപ്പേരാണ് ഈ കാക്കക്കുഞ്ഞിനെ കാണാനും ചങ്ങാത്തം കൂടാനുമൊക്കെയായി ഇവിടേക്ക് എത്തുന്നത്.

Story highlights: Crow staying with family video