41-ാം പിറന്നാള്‍ നിറവിൽ ധോണി; ഇന്നും തലയ്ക്ക് പകരം തല മാത്രമെന്ന് ആരാധകർ

July 7, 2022

റാഞ്ചിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന് ലോക കായിക ചരിത്രത്തിലെ ഇതിഹാസ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റ് താരമാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായി ആഘോഷിക്കപ്പെടുന്ന ധോണി ഇതിഹാസ താരം കപിൽ ദേവിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ കൂടിയാണ്.

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ധോണി ഇന്ന് 41-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പൊതുവെ പൊതുവേദികളിൽ നിന്നും മാറി നിൽക്കാറുള്ള ധോണിയുടെ പിറന്നാളുകളും മറ്റ് വിശേഷ അവസരങ്ങളുമൊക്കെ ആരാധകരാണ് കൂടുതലും ആഘോഷിക്കാറുള്ളത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത ധോണിയ്ക്കായുള്ള പിറന്നാളാശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾ.

ഇന്ത്യൻ ക്രിക്കറ്റിൽ തങ്ങളുടെ പ്രിയപ്പെട്ട തല ഉണ്ടാക്കിയ വിടവ് ഇന്നും നികത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ധോണി ആരാധകർ പറയുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ധോണിയോളം മികവും സ്ഥിരതയും പുലർത്തുന്ന ഒരു നായകനെ ഇനിയും ഇന്ത്യൻ ക്രിക്കറ്റിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർഥ്യം കൂടിയാണ്.

കടുത്ത സമ്മർദ്ദങ്ങളിൽ പോലും ഒട്ടും കുലുങ്ങാതെ ടീമിനെ മുന്നിൽ നിന്ന് നയിച്ച തങ്ങളുടെ നായകനെ ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന പേരാണ് ക്യാപ്റ്റൻ കൂൾ. മത്സരം വലിഞ്ഞു മുറുകുന്ന അവസാന ഓവറുകളിൽ ധോണി പലപ്പോഴും അസാധാരണ തീരുമാനങ്ങൾ എടുക്കാറുണ്ട്. പ്രമുഖ ക്രിക്കറ്റ് താരങ്ങളെ പോലും അമ്പരപ്പിക്കാറുള്ള ഇത്തരം തീരുമാനങ്ങളാണ് പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് അടക്കമുള്ള വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുള്ളത്.

Read More: ‘ശക്തിമാൻ’ ബിഗ് സ്ക്രീനിലേക്ക്; ഇന്ത്യക്കാരുടെ സ്വന്തം സൂപ്പർഹീറോയെ രൺവീർ സിംഗ് വെള്ളിത്തിരയിലെത്തിക്കുമെന്ന് സൂചന

ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകനായി ഐപിഎല്ലിലും ധോണി ആരാധകർക്ക് പ്രിയപ്പെട്ടവനാണ്. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈയെ നയിക്കുന്ന ധോണി നാല് കിരീടങ്ങളും ടീമിനായി നേടിക്കൊടുത്തിട്ടുണ്ട്. ഇന്ന് 41-ാം പിറന്നാള്‍ ആഘോഷിക്കുന്ന ധോണി തന്നെയാണ് ഈ കഴിഞ്ഞ ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചത്.

Story Highlights: Dhoni celebrates 41st birthday