പുരി ബീച്ചിൽ ദ്രൗപതി മുർമുവിനായി ഒരുങ്ങിയ മണൽ ശിൽപം

July 22, 2022

രാജ്യത്തിന്റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് അഭിനന്ദന പ്രവാഹമാണ്. ഇപ്പോഴിതാ, ഒഡീഷയിലെ മണൽ കലാകാരനായ സുദർശൻ പട്‌നായിക് ദ്രൗപതി മുർമുവിന്റെ മണൽശിൽപം ഒരുക്കി അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. 64 ശതമാനത്തിലധികം വോട്ടുകൾ നേടി പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയ്‌ക്കെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയം രേഖപ്പെടുത്തുകയായിരുന്നു ദ്രൗപതി മുർമു.

ഒഡീഷയിലെ പുരി ബീച്ചിലാണ് ‘ഇന്ത്യയിലെ ജനങ്ങളുടെ പ്രസിഡന്റിന് അഭിനന്ദനങ്ങൾ’ എന്ന സന്ദേശമുള്ള സാൻഡ് ആർട്ട് നിർമ്മിച്ചത്. ഒഡീഷയിൽ നിന്നുള്ള കലാകാരനായ സുദർശൻ പട്‌നായിക്കിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പുരിയിലെ പ്രാകൃതമായ കടൽത്തീരങ്ങളിൽ തന്റെ അമ്പരപ്പിക്കുന്ന കലാവൈഭവത്തിലൂടെ വിസ്മയിപ്പിക്കാറുള്ള കലാകാരനാണ് അദ്ദേഹം. സമൂഹത്തിൽ അസാധാരണമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ മണലിൽ ശില്പങ്ങൾ ഒരുക്കി തന്റെ അസാധാരണമായ സർഗ്ഗാത്മകതയിലൂടെ അത് പ്രതിഫലിപ്പിക്കുകയാണ് അദ്ദേഹം ചെയ്യാറുള്ളത്.

കൊവിഡിന്റെ പിടിയിൽ നിന്ന് രാജ്യത്തെ തിരികെ കൊണ്ടുവരുന്നതിനുള്ള നിസ്വാർത്ഥമായ അർപ്പണബോധമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും പേരിൽ അദ്ദേഹം ഒരുക്കിയ സാൻഡ് ആർട്ട് വളരെയധികം ശ്രദ്ധനേടിയിരുന്നു.രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി രാജ്യത്തിന്റെ അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന പട്ടാളക്കാർക്കായി സ്വാതന്ത്ര്യദിനത്തിൽ ഒരുക്കിയ സാൻഡ് ആർട്ടും ശ്രദ്ധനേടിയിരുന്നു.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

അതേസമയം, രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ എതിർസ്ഥാനാർത്ഥിയായിരുന്ന യശ്വന്ത് സിൻഹ അഭിനന്ദിച്ചു: ‘2022 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് ഞാൻ ദ്രൗപതി മുർമുവിനെ ഹൃദ്യമായി അഭിനന്ദിക്കുന്നു. ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി എന്ന നിലയിൽ അവർ ഭരണഘടനയുടെ സംരക്ഷകയായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു – തീർച്ചയായും, ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നു. ആശംസകൾ അറിയിക്കുന്നതിൽ ഞാൻ എന്റെ നാട്ടുകാരോടൊപ്പം ചേരുന്നു’- അദ്ദേഹത്തിന്റെ വാക്കുകൾ.

Story highlights- Droupadi Murmu’s sand art at Puri beach