കരിമ്പ് തരാതെ പോകുന്നത് ഒന്ന് കാണണം; ലോറി തടഞ്ഞ് അമ്മയാനയും കുട്ടിയാനയും-ഒടുവിൽ കരിമ്പുമായി കാട്ടിലേക്ക്!
അനുകമ്പ, വികാരങ്ങൾ എന്നിവയൊക്കെയുള്ള ഉയർന്ന ബുദ്ധിശക്തിയുള്ള മൃഗമാണ് ആന. മനുഷ്യനെപ്പോലെ കണ്ണാടിയിൽ സ്വന്തം പ്രതിബിംബം തിരിച്ചറിയാൻ സാധിക്കുന്ന വളരെ ചുരുക്കം വിഭാഗങ്ങളിൽ ഒന്നാണ് ആനകൾ. അതിനാൽ തന്നെ അവയുടെ പെരുമാറ്റവും പ്രത്യേകതകളോടെയാണ്. ദേഷ്യവും വാശിയുമെല്ലാം ചുറ്റുമുള്ളതെല്ലാം തകർത്ത് പ്രകടിപ്പിക്കാനും, ഇണക്കവും സ്നേഹവും തുമ്പിക്കൈ കൊണ്ട് തലോടി പ്രകടിപ്പിക്കാനും അവയ്ക്ക് സാധിക്കും.
ഇപ്പോഴിതാ, ഒരു ആനയും കുട്ടിയാനയും ചേർന്ന് കരിമ്പുമായി പോകുന്ന ലോറി തടയുന്ന കാഴ്ച്ചയാണ് ശ്രദ്ധനേടുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാനാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒട്ടേറെ ആളുകളിലേക്ക് എത്തിയ വിഡിയോ വഴിയുടെ നടുവിൽ ലോറി തടഞ്ഞു നിൽക്കുന്ന ആനകളെ കാണിക്കുന്നു. കരിമ്പ് കയറ്റുന്ന ട്രക്കിന് മുന്നിൽ നിൽക്കുകയാണ് ആനകൾ.
ശല്യമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും വാഹനം മുന്നോട്ടെടുക്കാൻ ആനകൾ സമ്മതിക്കുന്നില്ല. ഒടുവിൽ ഇരുവർക്കുമായി ഡ്രൈവർ ഒരു കെട്ട് കരിമ്പ് താഴെയിടുന്നതുവരെ അവ ലോറിക്ക് മുന്നിൽ തന്നെ നിന്നു. ആളുകളെ ഉപദ്രവിക്കാതെ കാര്യം കാണാനും ആനകൾക്കറിയാം എന്നതിന്റെ ഉദാഹരണമാണ് ഈ വിഡിയോ.
What will you call this tax. pic.twitter.com/ypijxlSY5t
— Parveen Kaswan, IFS (@ParveenKaswan) July 24, 2022
‘നിങ്ങൾ ഈ നികുതിയെ എന്ത് വിളിക്കും’ എന്നാണ് പർവീൺ കസ്വാൻ വിഡിയോയ്ക്കൊപ്പം എഴുതിയിരിക്കുന്നത്. അതേസമയം, ഈ കാഴ്ചയ്ക്ക് ഒരു അപകടവും ഉണ്ടെന്നു അദ്ദേഹം കമന്റായി കുറിച്ചിരിക്കുന്നു. “ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്ന സന്ദേശം. കാഴ്ചയിൽ മനോഹരമാണെങ്കിലും വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്. സഹാനുഭൂതി അടിസ്ഥാനമാക്കിയാണ് ഇതെങ്കിലും ഇങ്ങനെ ഭക്ഷണം നൽകുന്നത് വന്യജീവികൾക്ക് അപകടമാണ്. അവർ എളുപ്പത്തിൽ ലഭിക്കുന്നതും എരിവുള്ളതുമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കും. തൽഫലമായി, റോഡുകളിലും അവരുടെ ആവാസവ്യവസ്ഥയ്ക്ക് പുറത്തും അവ കറങ്ങാൻ ഇറങ്ങും. നല്ലൊരു വിഭാഗം അപകടങ്ങളും ഈ വഴിയാണ് സംഭവിക്കുന്നത്. അവർ കാട്ടിൽ നിൽക്കട്ടെ’-അദ്ദേഹം എഴുതി.
Story highlights- Elephants refuse to let sugarcane truck pass