ഉറക്കത്തിനിടെ മൂക്കിൽ മുറിവും രക്തവും; ഭർത്താവിനും സമാനമായ മുറിവ്!- അറബി പ്രേതാനുഭവം പങ്കുവെച്ച് ആശ ശരത്ത്

July 26, 2022

നൃത്തരംഗത്ത് നിന്നും അഭിനയലോകത്ത് സജീവമായ നടിയാണ് ആശ ശരത്ത്. ദൃശ്യം ആണ് ആശയ്ക്ക് മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. ടെലിവിഷൻ പരമ്പരയിൽ നിന്നും സിനിമയിലേക്ക് എത്തിയവരിൽ ശ്രദ്ധേയയാണ് താരം. ആശ ശരത്തിനു പിന്നാലെ മകൾ ഉത്തരയും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു. ശരത്തിനെ വിവാഹം ചെയ്ത് വര്ഷങ്ങളായി ദുബായിൽ സ്ഥിരതാമസമായിരുന്നു ആശ ശരത്ത്.

അഭിനയത്തിനായി ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയെത്തി. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ ദുബായ് ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടി. മക്കൾ രണ്ടുപേരും തീരെ ചെറുതായിരുന്ന സമയത്ത് ഉണ്ടായ ഒരു പ്രത്യേക അനുഭവമാണ് ആശ പങ്കുവയ്ക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു ഒരു അറബി പ്രേതാനുഭവം..

രാത്രിയിൽ മക്കൾക്കൊപ്പം ഉറങ്ങുന്ന വേളയിൽ മൂക്കിൽ എന്തോ കടിച്ച പോലെ തോന്നി. ഇളയമകൾ കടിച്ചതാകും എന്നോർത്ത് വീണ്ടും ഉറങ്ങി. കുറച്ചുകഴിഞ്ഞ് കടിച്ചഭാഗത്ത് വേദന തോന്നി നോക്കുമ്പോൾ രക്തം വരുന്നുണ്ട്. ഭയന്ന് പോയ ആശ പെട്ടെന്നെഴുന്നേറ്റ് ലൈറ്റ് ഇട്ടു. ഭർത്താവ് ശരത്തിനെ വിളിച്ചുണർത്തി മുറിവ് കാണിച്ചു. അപ്പോൾ ആശയ്ക്ക് മുറിവ് പറ്റിയ അതെ സ്ഥലത്ത് ശരത്തിന്റെ മൂക്കിലും മുറിവും രക്തവും.

രണ്ടുപേർക്കും ഒരുപോലെ സംഭവിക്കണമെങ്കിൽ പുറത്തുനിന്ന് ആരെങ്കിലും കയറണം. എന്നാൽ ഡോർ ലോക്ക് ചെയ്തിരിക്കുകയാണ്. രാത്രി രണ്ടര സമയത്താണ് ഈ സംഭവം. എല്ലായിടത്തും പരിശോധിച്ചിട്ടും ഒന്നും കണ്ടില്ല. ഒടുവിൽ ഇരുവരും ചേർന്ന് തീരുമാനിച്ചു, ഇതൊരു അറബിക് പ്രേതത്തിന്റെ പണി തന്നെ! മക്കൾക്കാണെങ്കിൽ പരിക്ക് ഒന്നുമില്ല. ഒടുവിൽ ഉറങ്ങാതെ പേടിയോടെ കാത്തിരിക്കുമ്പോഴാണ് ബെഡ് റൂമിന്റെ ഒരു മൂലയിൽ നിന്നും ഒരു വലിയ ശബ്ദം കേൾക്കുന്നത്. നോക്കുമ്പോൾ ഒരു എലി.!

Read Also: ഉറക്കത്തിൽ ആരോ തട്ടിവിളിച്ചു; നോക്കുമ്പോൾ തുമ്പിക്കൈ- രസകരമായ കാഴ്ച

എങ്ങനെയോ മുറിക്കുള്ളിൽ കടന്നതാണ് എലി. ആ എലിയായിരുന്നു ഇരുവരുടെയും മൂക്കിൽ കടിച്ചതും. വളരെ രസകരമായ ഈ സംഭവം ചിരിയോടെയാണ് ആശ ശരത്ത് പറഞ്ഞു തീർത്തത്. അതേസമയം, ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. പരിശീലനം സിദ്ധിച്ച ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് നടി. ദൃശ്യം എന്ന സിനിമയിലെ ഗീത പ്രഭാകർ എന്ന വേഷമാണ് ആശ ശരത്തിന് നിർണായക വഴിത്തിരിവായത്. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നടി ഇതിനോടകം വേഷമിട്ടുകഴിഞ്ഞു.

Story highlights- asha sarath about her funny horror experience