ഉറക്കത്തിൽ ആരോ തട്ടിവിളിച്ചു; നോക്കുമ്പോൾ തുമ്പിക്കൈ- രസകരമായ കാഴ്ച

July 25, 2022

രാവിലെ സുഖകരമായി ഉറങ്ങുന്നതിനിടെ ആരെങ്കിലും തട്ടിവിളിച്ചാൽ എഴുന്നേൽക്കാൻ എന്തൊരു പ്രയാസമാണ്, അല്ലേ? എന്നാൽ, അതൊരു ആന ആണെങ്കിലോ? അത്തരത്തിലൊരു രസകരമായ കാഴ്‌ചയും അനുഭവവുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സാക്ഷി ജെയിൻ എന്ന യുവതിയാണ് തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ചത്. ചിയാങ് മായിലെ ഒരു റിസോർട്ടിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. രാവിലെ ആനയുടെ കാഹളം കേട്ടാണ് സാക്ഷി ഉണർന്നത്. അതോടൊപ്പം തുമ്പിക്കൈ കൊണ്ട് ജനലിലൂടെ തട്ടി വിളിക്കുകയും ചെയ്തു. ഗാഢനിദ്രയിലായിരുന്ന സാക്ഷി തന്റെ മുറിയുടെ ജനാലയ്ക്ക് പുറത്ത് ആനയുടെ തുമ്പിക്കൈ കണ്ട് അൽപ്പം ഞെട്ടിയാണ് ഉണർന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് 51 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഉള്ളത്.

“തായ്‌ലൻഡിലെ ചിയാങ് മായിലെ ഈ റിസോർട്ടിൽ ഉണരാനായുള്ള കോളിനോ അലാറത്തിനോ പകരം ആനകൾ നിങ്ങളെ ഉണർത്തുന്നു. അവയോടൊപ്പം അടുത്ത് നടക്കാനും ഭക്ഷണം നൽകാനും കുളിക്കാനും കളിക്കാനും കഴിയുന്നത് മികച്ച അനുഭവമാണ്. ഈ അനുഭവം വ്യത്യസ്തമായിരുന്നു. അതിനാൽ അടുത്ത തവണ നിങ്ങൾ തായ്‌ലൻഡ് പ്ലാൻ ചെയ്യുമ്പോൾ, മലകളും നദികളും ആനകളും കൊണ്ട് ചുറ്റപ്പെട്ട നിങ്ങളുടെ യാത്രയിൽ ചിയാങ്‌മായി നഗരം ഉൾപ്പെടുത്താൻ മറക്കരുത്’ വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ.

Read Also: അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ

എന്തായാലും വളരെ രസകരമായ ഈ കാഴ്ച എല്ലാവരിലും കൗതുകം നിറയ്ക്കുമെന്നതിൽ തർക്കമില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മൃഗങ്ങളുടെ വിഡിയോകൾ ആസ്വദിക്കാൻ വളരെ രസകരമാണ്. എത്ര പിരിമുറുക്കത്തോടെ ഇരിക്കുന്നയാളുടെയും മനസ് ഒന്ന് തണുപ്പിക്കാൻ ഇത്തരം കാഴ്ചകൾ ധാരാളമാണ്. അതേസമയം, അമ്മയ്‌ക്കൊപ്പം കാട്ടിൽ കളിച്ച് നടക്കുന്നതിനിടയിൽ പരിക്ക് പറ്റിയ കുട്ടിയാന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിചരണത്തിലിരുന്നതും പരിക്കൊക്കെ ഭേദമായി വനപാലകരുടെ അകമ്പടിയോടെ അമ്മയുടെ അടുത്തേക്ക് മടങ്ങുന്നതുമായ ഒരു വിഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു.

Story highlights- elephant wakes up woman