കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം; ഭാരോദ്വഹനത്തിൽ സ്വർണ്ണം നേടി ജെറമി ലാൽറിനുംഗ

July 31, 2022

ഭാരോദ്വഹനത്തിലെ മെഡൽ കൊയ്ത്ത് തുടരുകയാണ് ഇന്ത്യ. ഈ കോമൺവെൽത്ത് ഗെയിംസിലെ രണ്ടാം സ്വർണ്ണമാണ് ഇന്ത്യ നേടിയത്. പുരുഷൻമാരുടെ 67 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുംഗയാണ് സ്വർണ്ണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു.

നേരത്തെ മീരാ ഭായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യ സ്വർണ്ണം സ്വന്തമാക്കിയത്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലായിരുന്നു നേട്ടം. ഗെയിംസ് റെക്കോർഡ് കൂടിയാണ് ചാനു കുറിച്ചത്. ജറമി ലാൽറിനുംഗയുടെ നേട്ടം ഇന്ത്യയുടെ ഗെയിംസിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പ്രചോദനമാവുമെന്നും ഉറപ്പാണ്.

ആകെ 300 കിലോഗ്രാം ഉയർത്തിയാണ് ജെറമി നേട്ടം സ്വന്തമാക്കിയത്. ഇതും മറ്റൊരു ഗെയിംസ് റെക്കോർഡ് നേട്ടമാണ്. ഇന്ത്യയുടെ മെഡൽ കൊയ്ത്തിനെ കഴിഞ്ഞ കാലങ്ങളിൽ ഏറെ സഹായിച്ച ഷൂട്ടിങ് മത്സരങ്ങൾ ഇല്ലാത്തതിന്റെ കുറവ് ഭാരോദ്വഹനത്തിലൂടെ മറികടക്കുകയാണ് ടീം ഇന്ത്യ. ഇനി ഗുസ്തി ബോക്സിങ് മത്സരങ്ങളിലാണ് ഇന്ത്യയ്ക്ക് കൂടുതൽ പ്രതീക്ഷയുള്ളത്.

Read More: ഇൻസ്റ്റാഗ്രാം ലൈവിൽ അപ്രതീക്ഷിത അതിഥിയായി സാക്ഷാൽ ധോണി; വന്നത് പന്തും രോഹിത് ശർമ്മയും പങ്കെടുത്ത ലൈവിൽ- വൈറൽ വിഡിയോ

അതേ സമയം വനിത ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടുകയാണ്. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ അവസാന നിമിഷം വരെ പോരാടി ആണ് തോറ്റത്. ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിടത്ത് നിന്നാണ് ഇന്ത്യ 3 വിക്കറ്റ് തോൽവിയിലേക്ക് വീണത്. പാകിസ്ഥാൻ തോൽവിയോടെയാണ് ടൂർണമെന്റ് ആരംഭിച്ചത്.

അത് കൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും ലക്ഷ്യമിടുന്നില്ല. സ്‌മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റൊഡ്രീഗ്‌സ്, ദീപ്തി ശര്‍മ തുടങ്ങിയവർ അടങ്ങുന്ന ഇന്ത്യൻ ടീം ഏതൊരു ടീമിനെതിരെയും വിജയം നേടാൻ പോന്നവരാണ്.

Story Highlights: India bags second gold in weightlifting