ഇൻസ്റ്റാഗ്രാം ലൈവിൽ അപ്രതീക്ഷിത അതിഥിയായി സാക്ഷാൽ ധോണി; വന്നത് പന്തും രോഹിത് ശർമ്മയും പങ്കെടുത്ത ലൈവിൽ- വൈറൽ വിഡിയോ

July 27, 2022

പൊതുവെ സമൂഹമാധ്യമങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നുമൊക്കെ മാറി നിൽക്കുന്ന സ്വഭാവ രീതിയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടേത്. അഭിമുഖങ്ങളിലും പത്രസമ്മേളനങ്ങളിലുമൊക്കെ അപൂർവ്വമായി മാത്രം പങ്കെടുക്കാറുള്ള ധോണി സമൂഹമാധ്യമങ്ങളിലും അത്ര സജീവമല്ല.

എന്നാലിപ്പോൾ അപ്രതീക്ഷിതമായി ധോണിയെ ഒരു ഇൻസ്റ്റാഗ്രാം ലൈവിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. ഋഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം ലൈവിലാണ് ധോണി കുറച്ചു നിമിഷങ്ങൾ പങ്കെടുത്തത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി 20 പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് പന്ത്. ഇതിനിടയിലാണ് പന്ത് ഇൻസ്റ്റാഗ്രാം ലൈവിൽ വന്നത്. പന്തിനൊപ്പം മറ്റ് താരങ്ങളും ലൈവിൽ എത്തി.

സൂര്യകുമാർ യാദവാണ് ആദ്യം പന്തിനൊപ്പം എത്തിയത്. അതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മയും യൂസ്‌വേന്ദ്ര ചാഹലും ഇഷാന്ത് ശര്‍മ്മയും ലൈവിലെത്തി. അതിന് ശേഷമാണ് ധോണിയെ കൂടി കണക്ട് ചെയ്താലോ എന്നൊരു ആശയം പന്ത് മുന്നോട്ട് വയ്ക്കുന്നത്.

ധോണിയെ വിളിച്ചപ്പോൾ ഫോണെടുത്തത് ഭാര്യ സാക്ഷി ആയിരുന്നു. ഫോൺ ധോണിക്ക് നേരെ തിരിച്ചപ്പോൾ അദ്ദേഹം ഹായ് പറയുകയായിരുന്നു. “മഹി ഭായ്, എന്തൊക്കെയുണ്ട്, കുറച്ചു നേരം കൂടി ലൈവിൽ തുടരൂ” എന്ന് പന്ത് പറയുമ്പോഴേക്കും ധോണി ചിരി അടക്കാൻ കഴിയാതെ കോൾ ഡിസ്കണക്ട് ചെയ്യുകയായിരുന്നു. ഇതിന് ശേഷം ലൈവിൽ താരങ്ങൾ പൊട്ടിച്ചിരിക്കുന്നതും ദൃശ്യമാണ്.

Read More: “മലയാളി പൊളിയല്ലേ..”; വെസ്റ്റ് ഇൻഡീസുകാരെ ‘ലജ്ജാവതിയേ..’ കേൾപ്പിച്ച മലയാളി ഇവിടെയുണ്ട്..

അതേ സമയം ഇന്നാണ് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ഏകദിനം. പോര്‍ട്ട് ഓഫ് സ്‌പെയിനിൽ രാത്രി ഏഴിനാണ് മത്സരം നടക്കുന്നത്. ഇന്നത്തെ മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ആദ്യത്തെ രണ്ട് ഏകദിനങ്ങളും ഇന്ത്യ ജയിച്ചിരുന്നു.

Story Highlights: Dhoni joins rishabh panth instagram live