ആവേശപ്പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടാനിറങ്ങുന്നു
കോമൺവെൽത്ത് ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടാനിറങ്ങുകയാണ്. മത്സരം എവിടെയായാലും ഏത് ടൂർണമെന്റായാലും ഇന്ത്യ പാക് പോരാട്ടങ്ങൾക്ക് ആവേശം ഒരൽപ്പം കൂടുതലായിരിക്കും. ഇന്ന് മൂന്നരയ്ക്കാണ് പാകിസ്ഥാനെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ അവസാന നിമിഷം വരെ പോരാടി ആണ് തോറ്റത്. ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിടത്ത് നിന്നാണ് ഇന്ത്യ 3 വിക്കറ്റ് തോൽവിയിലേക്ക് വീണത്. പാകിസ്ഥാൻ തോൽവിയോടെയാണ് ടൂർണമെന്റ് ആരംഭിച്ചത്. പക്ഷെ ബാർബഡോസിനെ പോലെ ദുർബലരായ ഒരു ടീമിനെതിരെയാണ് പാകിസ്ഥാന്റെ തോൽവി. ഈ തോൽവിയിൽ നിന്ന് കര കയറാനാണ് പാക്ക് വനിതകൾ ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
പരസ്പരം ഉള്ള മത്സര കണക്കെടുപ്പിൽ ഇന്ത്യയാണ് മുന്നിലെങ്കിലും ഇരു ടീമുകൾക്കും ഇന്ന് വിജയ സാധ്യതയുണ്ട്. ആദ്യ മത്സരങ്ങളിൽ തോൽവി സംഭവിച്ചത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും ഇന്ന് വിജയം അനിവാര്യവുമാണ്.
സ്വർണ്ണ മെഡലിൽ കുറഞ്ഞതൊന്നും കോമൺവെൽത്ത് ഗെയിംസിൽ ഹർമൻപ്രീത് നയിക്കുന്ന ഇന്ത്യൻ ടീം ലക്ഷ്യമിടുന്നില്ല.സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റൊഡ്രീഗ്സ്, ദീപ്തി ശര്‍മ തുടങ്ങിയവർ അടങ്ങുന്ന ഇന്ത്യൻ ടീം ഏതൊരു ടീമിനെതിരെയും വിജയം നേടാൻ പോന്നവരാണ്.
നേരത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണ്ണം നേടുമെന്ന് ടീമിന്റെ മുൻ ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ ഇതിഹാസ താരവുമായിരുന്ന മിതാലി രാജ് പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഗെയിംസിൽ ഇന്ത്യൻ വനിതകൾക്ക് വളരെ എളുപ്പത്തിൽ സ്വർണ്ണം നേടാൻ കഴിയുമെന്നാണ് മിതാലി പറഞ്ഞത്. ഹർമൻ പ്രീത് നയിക്കുന്ന ഇന്ത്യൻ ടീം വളരെ ശക്തരാണെന്നും വിജയം ടീമിന് വളരെ അനായാസമായി നേടാൻ കഴിയുമെന്നും മിതാലി പറഞ്ഞിരുന്നു.
Story Highlights: India vs pakisthan women cricket match