ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു; കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്നു
ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. കരുത്തരായ ഓസ്ട്രേലിയ ആണ് ഇന്ത്യൻ ടീമിന്റെ എതിരാളികൾ. വൈകിട്ട് നാലരയ്ക്കാണ് ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം നടക്കുന്നത്.
സ്വർണ്ണ മെഡലിൽ കുറഞ്ഞതൊന്നും ഹർമൻപ്രീത് നയിക്കുന്ന ഇന്ത്യൻ ടീം ലക്ഷ്യമിടുന്നില്ല.സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റൊഡ്രീഗ്സ്, ദീപ്തി ശര്‍മ തുടങ്ങിയവർ അടങ്ങുന്ന ഇന്ത്യൻ ടീം ഏതൊരു ടീമിനെതിരെയും വിജയം നേടാൻ പോന്നവരാണ്. മെഗ് ലാനിംഗ് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിനെതിരെ വമ്പൻ വിജയം നേടാനാണ് ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നത്. പാകിസ്ഥാൻ, ബാർബഡോസ് എന്നീ ടീമുകളും ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കുമൊപ്പം ഇതേ ഗ്രൂപ്പിലാണ്.
നേരത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണ്ണം നേടുമെന്ന് ടീമിന്റെ മുൻ ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ ഇതിഹാസ താരവുമായിരുന്ന മിതാലി രാജ് പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഗെയിംസിൽ ഇന്ത്യൻ വനിതകൾക്ക് വളരെ എളുപ്പത്തിൽ സ്വർണ്ണം നേടാൻ കഴിയുമെന്നാണ് മിതാലി പറഞ്ഞത്. ഹർമൻ പ്രീത് നയിക്കുന്ന ഇന്ത്യൻ ടീം വളരെ ശക്തരാണെന്നും വിജയം ടീമിന് വളരെ അനായാസമായി നേടാൻ കഴിയുമെന്നും മിതാലി കൂട്ടിച്ചേർത്തു.
Read More: ചില തുടക്കങ്ങൾ ചരിത്രമാവും; വനിത ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
അതേ സമയം കഴിഞ്ഞ മാസമാണ് മിതാലി രാജ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. 23 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം ക്രിക്കറ്റിനോട് വിട പറഞ്ഞത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മിതാലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “വർഷങ്ങളായി തന്നു കൊണ്ടിരിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിലെ രണ്ടാം ഇന്നിങ്സിൽ നിങ്ങളുടെ അനുഗ്രഹവും പിന്തുണയും പ്രതീക്ഷിക്കുന്നു” എന്ന കുറിപ്പോടെയാണ് മിതാലി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
Story Highlights: Indian women first commonwealth cricket match today