ചില തുടക്കങ്ങൾ ചരിത്രമാവും; വനിത ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

July 25, 2022

ഇന്ത്യയിൽ ഏറ്റവും ആരാധക വൃന്ദമുള്ള ഫുട്ബോൾ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് പുതു ചരിത്രം എഴുതുകയാണ്. വനിത ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപനം നടത്തിയത്. വലിയ പിന്തുണയാണ് ടീമിന്റെ ഈ പ്രഖ്യാപനത്തിന് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്.

“ഒരു പുതിയ തുടക്കം..നമ്മുടെ ഗെയിം എല്ലാവർക്കും വേണ്ടിയുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വനിത ടീം രൂപീകരിക്കുന്ന വിവരം സന്തോഷത്തോട് കൂടി ഞങ്ങൾ അറിയിക്കുകയാണ്” വിഡിയോ പങ്കുവെച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ കുറിച്ചു.

അതേ സമയം അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. വരാനിരിക്കുന്ന സീസണിൽ കപ്പടിക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. ഇതിനായി വിദേശ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട് ബ്ലാസ്റ്റേഴ്‌സ്.

നേരത്തെ വിദേശ താരങ്ങളുടെ സൈനിങ്‌ വൈകുന്നതിൽ പ്രതിഷേധിച്ച് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് രസകരമായ ഒരു വിഡിയോയിലൂടെ ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ സൈനിങ്‌ എപ്പോഴാണെന്ന് ആരാധകർ കഴിഞ്ഞ കുറച്ചു നാളുകളായി ചോദിക്കുന്നുണ്ടായിരുന്നു. ഇതിനുള്ള മറുപടിയായാണ് ബ്ലാസ്റ്റേഴ്‌സ് ട്രോൾ രൂപത്തിലുള്ള ഒരു വിഡിയോ പങ്കുവെച്ചത്.

Read More: “മലയാളി പൊളിയല്ലേ..”; വെസ്റ്റ് ഇൻഡീസുകാരെ ‘ലജ്ജാവതിയേ..’ കേൾപ്പിച്ച മലയാളി ഇവിടെയുണ്ട്..

‘ക്ഷമ വേണം, സമയമെടുക്കും” എന്ന പ്രശസ്‌ത സിനിമ ഡയലോഗ് കുറിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കമെന്റുകൾക്കുള്ള മറുപടിയായി മഹേഷിന്റെ പ്രതികാരത്തിലെ ദിലീഷ് പോത്തന്റെ ‘ചിൽ സാറ ചിൽ’ എന്ന ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീം വിഡിയോ പങ്കുവെച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തിരുന്നു.

Story Highlights: Kerala blasters announces women team