ഒടുവിൽ കടുവ കാണാൻ യഥാർത്ഥ ‘കടുവ’ എത്തി; തിയേറ്ററിൽ സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ച് ജോസ് കുരുവിനാക്കുന്നേൽ

July 21, 2022

പ്രതിസന്ധിയിലായിരുന്ന മലയാള സിനിമ വ്യവസായത്തിന് പുതുജീവൻ നൽകിയാണ് പൃഥ്വിരാജിന്റെ കടുവ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം മുതൽ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ഷാജി കൈലാസ് ചിത്രം. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം മറ്റ് ഭാഷകളിലും മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ മറ്റൊരു വാർത്തയാണ് പ്രേക്ഷകർക്ക് കൗതുകമാവുന്നത്. സിനിമ കാണാൻ കുറുവച്ചൻ എന്നറിയപ്പെടുന്ന ജോസ് കുരുവിനാക്കുന്നേൽ എത്തി. ഈരാറ്റുപേട്ട സൂര്യ തിയേറ്ററിലാണ് ജോസ് കുരുവിനാക്കുന്നേൽ ഭാര്യയോടൊപ്പമെത്തി ചിത്രം കണ്ടത്. കടുവ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമ്മിക്കപ്പെട്ടതാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വലിയ നിയമ പോരാട്ടവും അദ്ദേഹം നടത്തിയിരുന്നു.

സിനിമ അടിപൊളിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. താൻ തിയേറ്ററിൽ വന്ന് കണ്ട ആദ്യത്തെ ചിത്രമാണ് കടുവയെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ജോസ് കുരുവിനാക്കുന്നേലും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തമ്മിലുള്ള പ്രശ്‌നങ്ങൾ ഇതോടെ അവസാനിക്കുകയാണെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

Read More: കൂറ്റൻ പാറയിലൂടെ നുഴഞ്ഞ് കയറുന്ന പ്രണവ് മോഹൻലാൽ, അതിസാഹസീക വിഡിയോയ്ക്ക് കൈയടിച്ച് ആരാധകർ

അതേ സമയം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് ചിത്രം നേടിയത്. 25 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്‌തത്‌. പൃഥ്വിരാജിന്റെ തന്നെ ജനഗണമനയുടെ ഓപ്പണിങ് കളക്ഷനാണ് കടുവ മറികടന്നത്. എട്ട് ദിവസം കൊണ്ട് ജനഗണമന നേടിയ കളക്ഷൻ വെറും നാല് ദിവസം കൊണ്ട് കടുവ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് ചിത്രമായ ആദം ജോണിന്റെ സംവിധായകൻ കൂടിയായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

Story Highlights: Jose kuruvinakunnel watches kaduva in theatre