ഹലോ പൊലീസ് സ്റ്റേഷനല്ലേ… കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലും തിളങ്ങി പാറുക്കുട്ടി

July 20, 2022

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയതാണ് പാറുക്കുട്ടി. ജനിച്ച് മൂന്നാം മാസം മുതൽ പരമ്പരയിൽ അഭിനയിച്ചുതുടങ്ങിയ പാറുക്കുട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും താരമായി മാറിയിരിക്കുകയാണ് ഈ കുഞ്ഞുമിടുക്കി. ‘എവിടെയും എപ്പോഴും സഹായത്തിനായി വിളിക്കാം 112’ എന്ന ക്യാപ്‌ഷനൊപ്പമാണ് ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

പരമ്പരയിൽ അച്ഛനും അമ്മയും വഴക്ക് പറയുമ്പോൾ മുടിയൻ ചേട്ടനോട് ഫോൺ വാങ്ങിക്കുന്നതും പൊലീസ് സ്റ്റേഷനിലെ നമ്പർ ചോദിക്കുകയുമാണ് പാറുക്കുട്ടി. ചേട്ടൻ നമ്പർ പറഞ്ഞുകൊടുക്കുമ്പോൾ തന്നെ ആ നമ്പർ ഡയൽ ചെയ്ത് ‘ഹലോ പൊലീസ് സ്റ്റേഷനല്ലേ ..?’ എന്ന് ചോദിക്കുന്ന കുഞ്ഞിന്റെ വിഡിയോയാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ പരമ്പരയാണ് ഉപ്പും മുളകും. അഞ്ചു വർഷം നീണ്ട ജൈത്രയാത്രയ്ക്ക് ശേഷം ഒരു ഇടവേളയെടുത്ത പരമ്പര വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ പകിട്ടോടെയാണ് രണ്ടാം സീസൺ എത്തിയത്. ഇത്തവണയും പരമ്പരയിലെ മുഖ്യാകർഷണം പാറുക്കുട്ടി തന്നെയാണ്. അന്ന് ചിരിയോടെ എപ്പിസോഡുകളിൽ നിറഞ്ഞു നിന്ന കുഞ്ഞുതാരം ഇന്ന് ഡയലോഗുകളുമായി സജീവമാണ്. രസകരമാണ് ഈ കുഞ്ഞു മിടുക്കിയുടെ അഭിനയവും ഡയലോഗുകളും. കരച്ചിലും ചിരിയും തമാശയുമൊക്കെയായി പാറുക്കുട്ടി സ്‌കോർ ചെയ്യുകയാണ് എന്നാണ് ഉപ്പും മുളകും ആരാധകർ കമന്റ്റ് ചെയ്യുന്നത്.

Read also: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആളെ രക്ഷിക്കാനെത്തിയ ആനക്കുട്ടി; ഹൃദയം കവർന്ന ദൃശ്യങ്ങൾ

അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാർത്ഥ പേരെങ്കിലും പാറുക്കുട്ടി എന്ന പേരിലാണ് ഈ കുഞ്ഞുമിടുക്കി ഇന്ന് മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. 

Story highlights: Kerala Police shares Uppum Mulakum Parukutty Video