“പോലീസ് സ്റ്റേഷനിൽ കയറി പാടാൻ കഴിയുമോ സക്കീർ ഭായിക്ക്..”; പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ താരമായ കുഞ്ഞു പാട്ടുകാരൻ

July 28, 2022

കേരള പോലീസിന്റെ സമൂഹമാധ്യമങ്ങളിൽ രസകരമായ പല വിഡിയോകളും ട്രോളുകളും പങ്കുവെയ്ക്കപ്പെടാറുണ്ട്. ഇതിൽ പലതും വൈറലായി മാറാറുമുണ്ട്. സാമൂഹിക ബോധവൽക്കരണവും റോഡിലെ നിയമങ്ങളെ പറ്റി ആളുകൾ അറിയേണ്ട കാര്യങ്ങളുമൊക്കെ രസകരമായ തമാശകളിലൂടെയാണ് കേരള പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവെയ്ക്കപ്പെടാറുള്ളത്.

ഇപ്പോൾ കേരള പോലീസ് പങ്കുവെച്ച രസകരമായ ഒരു വിഡിയോയാണ് വൈറലാവുന്നത്. പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ ഒരു കുഞ്ഞു ഗായകൻ പാടുന്നതിന്റെ വിഡിയോയാണ് കൗതുകമുണർത്തുന്നത്. യാദവ് എന്ന കുഞ്ഞു ഗായകന്റെ പാട്ടാണ് കേരള പോലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നാട്ടുകൽ പോലീസ് സ്റ്റേഷനിലെ അലങ്കാര മത്സ്യങ്ങളെ കാണാനെത്തിയതായിരുന്നു ഈ കുഞ്ഞു കലാകാരൻ.

ഇതിനിടയിലാണ് യാദവ് അതിമനോഹരമായ ഒരു നാടൻ പാട്ട് പോലീസ് മാമന്മാർക്ക് വേണ്ടി പാടിക്കൊടുത്തത്. പാട്ടിനൊപ്പം ഈ കൊച്ചു ഗായകന് താളം പിടിക്കാനായി ചെറിയ സ്റ്റൂൾ നീക്കിക്കൊടുക്കുന്ന പോലീസുകാരെയും വിഡിയോയിൽ കാണാം.

Read More: ലോക്ക് ഡൗൺ കാലത്ത് സ്വയം നിർമിച്ച വിമാനത്തിൽ കുടുംബസമേതം യൂറോപ്പ് ചുറ്റുന്ന മലയാളി!

നേരത്തെ ഫ്‌ളവേഴ്‌സ് ടിവിയുടെ ഉപ്പും മുളകും പരമ്പരയിലെ പാറുക്കുട്ടിയും കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ താരമായി മാറിയിരുന്നു. അച്ഛനും അമ്മയും വഴക്ക് പറയുമ്പോൾ ചേട്ടനോട് ഫോൺ വാങ്ങിച്ച് പൊലീസ് സ്റ്റേഷനിലെ നമ്പർ ചോദിക്കുകയാണ് പാറുക്കുട്ടി. ചേട്ടൻ നമ്പർ പറഞ്ഞുകൊടുക്കുമ്പോൾ തന്നെ ആ നമ്പർ ഡയൽ ചെയ്ത് ‘ഹലോ പൊലീസ് സ്റ്റേഷനല്ലേ ..?’ എന്ന് ചോദിക്കുന്ന പാറുക്കുട്ടിയുടെ വിഡിയോയാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ‘എവിടെയും എപ്പോഴും സഹായത്തിനായി വിളിക്കാം 112’ എന്ന ക്യാപ്‌ഷനൊപ്പമാണ് കേരള പോലീസ് ഉപ്പും മുളകിലെ വിഡിയോ പങ്കുവെച്ചത്.

Story Highlights: Kerala police viral video of little singer