കേരളത്തിലെ ആദ്യ സി ബി എസ് ഇ സ്കൂളായ പെരുമ്പടപ്പ് കെ.എം.എം.സ്കൂളിൽ ‘ഗ്രാൻഡ് അലുംനി മീറ്റ്’- മുഖ്യാതിഥിയായി സംവിധായകൻ ലാൽ ജോസ്
കേരളത്തിലെ ആദ്യ സിബിഎസ്ഇ സ്കൂളായ പെരുമ്പടപ്പ് -പുത്തൻപള്ളി കെ.എം.എം.സ്കൂളിൽ പൂർവവിദ്യാർത്ഥികൾക്കായി ഗ്രാൻഡ് അലുംനി മീറ്റ് നടത്തുന്നു. 1993 പ്ലസ് ടു ബാച്ച് മുതൽ 2022 പ്ലസ് ടു ബാച്ച് വരെയുള്ള എല്ലാ പൂർവ വിദ്യാർത്ഥികളും മുൻകാലങ്ങളിൽ പഠിപ്പിച്ചു പോയ അധ്യാപകരുടെയും മറ്റു സ്റ്റാഫുകളുടെയും ഒത്തുചേരലാണ് ‘ഗ്രാൻഡ് അലുംനി മീറ്റ് 2022’ ലൂടെ സംഘടിപ്പിക്കുന്നത്.
ജൂലൈ 31 ശനിയാഴ്ചയാണ് ‘ഗ്രാൻഡ് അലുംനി മീറ്റ് 2022’ നടക്കുന്നത്. 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന പ്രോഗ്രാമിന്റെ മുഖ്യാതിഥിയായി സംവിധായകൻ ലാൽ ജോസാണ് എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല് ജോസ്. സഹസംവിധായകനായി തുടങ്ങി പിന്നീട് സ്വന്തമായി ചിത്രങ്ങളൊരുക്കുകയായിരുന്നു അദ്ദേഹം. നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് ലാൽ ജോസ്. മാത്രമല്ല, മലയാളികൾ കണ്ട എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ‘ക്ലാസ്സ്മേറ്റ്സ്’ ഒരുക്കിയത് ലാൽ ജോസ് ആണ്. സൗഹൃദങ്ങളെ ആ സിനിമയിലൂടെ ആഘോഷമാക്കി ഒട്ടേറെ ഗൃഹാതുര ഓർമ്മകൾ മലയാളികൾക്ക് സമ്മാനിച്ച ലാൽ ജോസിനേക്കാൾ മികച്ചൊരു തിരഞ്ഞെടുപ്പ്, ഇത്തരത്തിലുള്ള ഗ്രാൻഡ് അലുംനി മീറ്റിന് ലഭിക്കാനില്ല.
മീറ്റിനോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. സൗഹൃദ മീറ്റിങ്ങിനൊപ്പം വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവർക്കായി അനുസ്മരണവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം മെമ്മോറിയൽ സെഷനും, തുടർന്ന് കേക്ക് കട്ടിങ്, പായസ വിതരണം, ഉച്ച ഭക്ഷണം, മീറ്റ് ദ ക്ലാസ്സ്മേറ്റ്സ് ഡയറക്ടർ ലാൽ ജോസ്, മ്യൂസിക്കൽ പ്രോഗ്രാം ‘മെലിക് ലൈവ്’, പൂർവ വിദ്യാർത്ഥികളുടെ സ്റ്റേജ് പെർഫോമൻസ്, സ്പോട്ട് ക്വിസ് & ഗെയിംസ് മുതലായ ഒട്ടേറെ രസകരമായ സെഷനുകളും പൂർവവിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
Read Also: ഉറക്കത്തിൽ ആരോ തട്ടിവിളിച്ചു; നോക്കുമ്പോൾ തുമ്പിക്കൈ- രസകരമായ കാഴ്ച
അലുംനിയുടെ ഭാഗമായി മീറ്റിനെത്തുന്ന അധ്യാപകർക്കും, മുൻകാലങ്ങളിൽ സ്കൂളിൽ പ്രവർത്തിച്ചിരുന്ന നോൺ-ടീച്ചിങ് സ്റ്റാഫുകൾക്കും, നിലവിൽ സ്കൂളിൽ വർക്ക് ചെയ്യുന്നവർക്കും പൂർവ വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനമായി ഒരു സംഖ്യ ‘ഗുരുദക്ഷിണ’ നൽകുന്നുമുണ്ട്.
Story highlights- kmm english school perumpadappu Grand Alumni Meet 2022