സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി; ഗോഡ് ഫാദൻ ടീസർ പുറത്ത്
മോഹൻലാൽ വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച പൃഥ്വിരാജ് സുകുമാരൻ ചിത്രം, ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം… ഇങ്ങനെ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ ചിത്രമായിരുന്നു ‘ലൂസിഫർ’. മികച്ച പ്രതികരണത്തോടെ സിനിമ ആസ്വാദകർ സ്വീകരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുന്നുവെന്ന വാർത്തയും ഏറെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ സ്വീകരിച്ചത്.
ഗോഡ് ഫാദർ എന്ന പേരിൽ ലൂസിഫർ എത്തുമ്പോൾ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായി റഹ്മാനായിരിക്കും വേഷമിടുക എന്നാണ് സൂചന.
അതേസമയം നേരത്തെ പ്രഖ്യാപിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിൽ പ്രിയദർശിനി എന്ന മഞ്ജു വാര്യർ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നായൻതാരം ആയിരിക്കും എന്നാണ് സൂചന. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമാകുക ബോളിവുഡ് താരം സൽമാൻ ഖാൻ ആയിരിക്കും. ചിത്രം നിർമിക്കുന്നത് ചിരഞ്ജീവിയുടെ മകൻ റാം ചരനാണ്.
ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ലൂസിഫർ എന്ന ചിത്രം ആരംഭിക്കുന്നത്. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് ലൂസിഫർ.
Story highlights: lucifer Telugu remake god father teaser out