മക്കയിലേക്ക് കാൽനടയായി പോകണം; ഉന്തുവണ്ടിയുമായി 11 മാസം നീണ്ട യാത്ര, ഒടുവിൽ ആഗ്രഹം സഫലമാക്കി ആദം മുഹമ്മദ്…
മക്ക സന്ദർശനം പല വിശ്വാസികളെയും സംബന്ധിച്ച് ഏറ്റവും ആഗ്രഹമുള്ള ഒന്നാണ്. ഇപ്പോഴിതാ മക്കയിലേക്ക് കാൽ നടയായി പോകണം എന്നാഗ്രഹിക്കുകയും അത് സഫലമാക്കുകയും ചെയ്യുന്ന ആദം മുഹമ്മദിനെക്കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഹജ് നിർവഹിക്കാനായി പതിനൊന്ന് മാസം ഉന്തുവണ്ടിയുമായുള്ള യാത്രയ്ക്ക് ശേഷമാണ് ആദം മുഹമ്മദ് മക്കയിലെത്തിയത്.
ബ്രിട്ടനിൽ നിന്നുമായിരുന്നു ആദം മുഹമ്മദ് തന്റെ യാത്ര ആരംഭിച്ചത്. ഒൻപത് രാജ്യങ്ങളിലൂടെ സന്ദർശിച്ച ആദം പത്ത് മാസവും 26 ദിവസവും എടുത്തായിരുന്നു ഈ യാത്ര പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിനായിരുന്നു ആദം മുഹമ്മദ് തന്റെ യാത്ര തുടങ്ങിയത്. തന്റെ സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള ഒരു ഉന്തുവണ്ടിയുമായാണ് അദ്ദേഹം ആ യാത്ര ആരംഭിച്ചത്.
അതേസമയം കാൽനടയായി മക്കയിലേക്ക് പോകാനുള്ള തീരുമാനത്തിന് പിന്നിലെ കാരണവും ആദം മുഹമ്മദ് വ്യക്തമാക്കി. കൊവിഡ് കാലത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കൂടുതലായും ഖുർആൻ വായിക്കുന്നതിനായി സമയം ചിലവഴിച്ചു. ഒന്നര വർഷക്കാലം എടുത്ത് ഖുർആൻ കൂടുതലായി പഠിച്ചു. ഇതിന്റെ വെളിച്ചത്തിലാണ് ഒരുദിവസം ഉറക്കമുണർന്നപ്പോൾ മക്കയ്ക്ക് കാൽ നടയായി പോകാമെന്ന തീരുമാനം ആദം മുഹമ്മദ് സ്വീകരിച്ചത്.
തന്റെ യാത്രയിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും നേരിടേണ്ടി വന്നില്ലെന്നും പറയുന്ന അദ്ദേഹം തനിക്ക് യാത്രയ്ക്ക് സഹായമായി ഒരു ഒരു ബ്രിട്ടീഷ് സംഘടന എത്തിയിരുന്നുതായി പറയുന്നുണ്ട്. ഒപ്പം ചിലപ്പോഴൊക്കെ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നതായും എന്നാൽ യാത്രയുടെ ഉദ്ദേശ്യം അറിഞ്ഞപ്പോൾ അവർ യാത്രയ്ക്കായുള്ള സഹായങ്ങൾ നല്കിയതിനെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. എന്തായാലും തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ആദം മുഹമ്മദിപ്പോൾ.
Story highlights: Man on foot took 11 months to reaches Makkah