‘ഈ നീലരാവിൽ സ്നേഹാർദ്രനായ് ഞാൻ..’; സനുഷയ്ക്കായി ഹൃദ്യമായി പാടി മനോജ് കെ ജയൻ- വിഡിയോ

July 7, 2022

മലയാളികളുടെ മനസ്സിൽ എന്നും കുട്ടൻതമ്പുരാനാണ് മനോജ് കെ ജയൻ. എത്രയൊക്കെ സിനിമകൾ ചെയ്താലും എത്രയൊക്കെ കഥാപാത്രങ്ങൾ അനശ്വരമാക്കിയാലും കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിന് മലയാളികൾ നൽകിയിരിക്കുന്ന സ്ഥാനം വളരെ വലുതാണ്. മനോജ് കെ ജയന്റെ കരിയറിൽ ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചതും ഏറ്റവുമധികം അഭിനന്ദനങ്ങൾ നേടിക്കൊടുത്തതുമായ കുട്ടൻ തമ്പുരാന്റെ പേരിലാണ് ഇന്നും അദ്ദേഹം ഓരോ വേദിയിലും സ്വീകരിക്കപ്പെടുന്നത്.

ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്ത മെഗാ ഇവന്റിൽ അതിഥിയായി എത്തിയപ്പോഴും ആ കഥാപാത്രത്തിന്റെ വിശേഷങ്ങൾ മനോജ് കെ ജയൻ പങ്കുവെച്ചു. അതിനോടൊപ്പം തന്നെ പാട്ടിലൂടെയും താരം മനം കവർന്നു. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് അഭിനയലോകത്തേക്ക് എത്തിയ താരമാണ് മനോജ് കെ ജയൻ. നടി സനുഷയ്‌ക്കായി നടൻ പാടിയ ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഈ നീലരാവിൽ സ്നേഹാർദ്രനായ് ഞാൻ..’ എന്ന ഗാനമാണ് നടൻ ആലപിക്കുന്നത്.

Read Also; ആക്ഷൻ രംഗങ്ങളിൽ അതിശയിപ്പിച്ച രാം ചരണും ജൂനിയർ എൻടിആറും; ആർആർആർ മേക്കിങ് വിഡിയോ

പാട്ടിനൊപ്പം സനുഷയ്‌ക്കൊപ്പമുള്ള അഭിനയമുഹൂർത്തങ്ങളെക്കുറിച്ചും മനോജ് കെ ജയൻ പങ്കുവെച്ചു. കാഴ്ച എന്ന ചിത്രത്തിൽ സനുഷയും കൊച്ചുണ്ടാപ്രിയുമെല്ലാം അഭിനയിച്ച കഥയും സെറ്റിലെ രസകരമായ ഓർമ്മകളുമെല്ലാം നടൻ പങ്കുവെച്ചു. അതേസമയം, സല്യൂട്ട് എന്ന ചിത്രത്തിലാണ് മനോജ് കെ ജയൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് സല്യൂട്ട്.  തിരുവനന്തപുരത്തും പരിസരത്തുമാണ് ചിത്രീകരണം നടത്തിയത്. എസ്‌ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിച്ചത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. 

Story highlights- Manoj K Jayan sang for Sanusha