ഇത് മേഘ്നക്കുട്ടിക്ക് എം ജി ശ്രീകുമാർ അറിഞ്ഞു കൊണ്ട് കൊടുത്ത പണി..; പൊട്ടിച്ചിരിച്ച് പ്രേക്ഷകർ
ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നക്കുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്.
ഇപ്പോൾ പാട്ട് വേദിയിൽ മേഘ്നയും ഗായകൻ എം ജി ശ്രീകുമാറും തമ്മിൽ നടന്ന ഒരു സംഭാഷണമാണ് പ്രേക്ഷകരിൽ ചിരി പടർത്തുന്നത്. 1992 ൽ റിലീസ് ചെയ്ത ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലെ “സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് മേഘ്നക്കുട്ടി പാട്ട് വേദിയിലെത്തിയത്.
ഇളയരാജ സംഗീതം നൽകിയ ഗാനത്തിന് ബിച്ചു തിരുമലയാണ് വരികളെഴുതിയിരിക്കുന്നത്. യേശുദാസ് ആലപിച്ച് അനശ്വരമാക്കിയ ഈ ഗാനം വേദിയിൽ ആലപിക്കുന്നതിന് മുൻപ് മേഘ്നയും എം ജി ശ്രീകുമാറും തമ്മിൽ വേദിയിൽ നടന്ന സംഭാഷണം കേട്ടാണ് പ്രേക്ഷകർ പൊട്ടിച്ചിരിച്ചത്.
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’ ഏത് വർഷമാണ് ഇറങ്ങിയത് എന്നാണ് എം ജി ശ്രീകുമാർ ആദ്യം ചോദിക്കുന്നത്. 1992 എന്ന് മേഘ്നക്കുട്ടി ഇംഗ്ലീഷിൽ പറഞ്ഞു. ഇതിന്റെ മലയാളവും ഹിന്ദിയും കൂടി പറയണമെന്ന് എം ജി ശ്രീകുമാർ പറഞ്ഞതോടെയാണ് വേദിയിൽ ചിരി പൊട്ടിയത്.
മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
Story Highlights: Meghna and mg sreekumar funny conversation