ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണ്ണം നേടും; കോമൺവെൽത്ത് ഗെയിംസ് പ്രതീക്ഷകളെ പറ്റി മിതാലി രാജ്
ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണ്ണം നേടുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ടീമിന്റെ മുൻ ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ ഇതിഹാസ താരവുമായിരുന്ന മിതാലി രാജ്. ജൂലൈ 28 ന് ബർമിങ്ങാമിൽ തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതകൾക്ക് വളരെ എളുപ്പത്തിൽ സ്വർണ്ണം നേടാൻ കഴിയുമെന്നാണ് മിതാലി പറയുന്നത്.
ഹർമൻ പ്രീത് നയിക്കുന്ന ഇന്ത്യൻ ടീം വളരെ ശക്തരാണെന്നും വിജയം ടീമിന് വളരെ അനായാസമായി നേടാൻ കഴയുമെന്നും മിതാലി കൂട്ടിച്ചേർത്തു. ജൂലൈ 29 ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ടി 20 മത്സരം. പാകിസ്ഥാൻ, ബാർബഡോസ് എന്നീ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിലാണ്. മിതാലിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ‘സബാഷ് മിതു’ എന്ന ചിത്രത്തിന്റെ പ്രചാരണ വേളയിലായിരുന്നു താരം കോമൺവെൽത്ത് ഗെയിംസിനെ പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവെച്ചത്.
അതേ സമയം കഴിഞ്ഞ മാസമാണ് ഇതിഹാസ താരമായ മിതാലി രാജ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. 23 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം ക്രിക്കറ്റിനോട് വിട പറഞ്ഞത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മിതാലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “വർഷങ്ങളായി തന്നു കൊണ്ടിരിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിലെ രണ്ടാം ഇന്നിങ്സിൽ നിങ്ങളുടെ അനുഗ്രഹവും പിന്തുണയും പ്രതീക്ഷിക്കുന്നു” എന്ന കുറിപ്പോടെയാണ് മിതാലി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് സിനിമ ‘സബാഷ് മിതു’ ജൂലൈ 15 നാണ് റീലീസ് ചെയ്യുന്നത്. മിതാലിയുടെ ബായോപിക്കിനായുള്ള ആരാധകരുടെയും സിനിമപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.തപ്സി പന്നുവാണ് ചിത്രത്തിൽ മിതാലി രാജിനെ അവതരിപ്പിക്കുന്നത്.
Story Highlights: Mithali raj shares her hope regarding commonwealth games