“കോലിയുടേത് വലിയ നേട്ടങ്ങൾ, താരത്തിന് ടീമിന്റെ പൂർണ പിന്തുണ..”; കോലിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ

July 11, 2022

ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും മികച്ച സൗഹൃദം പങ്കുവെയ്ക്കുന്നവരാണ് രോഹിത് ശർമ്മയും വിരാട് കോലിയും. കരിയറിൽ പലപ്പോഴും വിമർശനങ്ങൾ നേരിടുമ്പോഴും പരസ്‌പരം പിന്തുണ നൽകിയവർ കൂടിയാണ് ഇരു താരങ്ങളും. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാർ കൂടിയായ ഇരുവരുടെയും സൗഹൃദത്തിനെ നേരത്തെയും ആരാധകർ പുകഴ്ത്തിയിട്ടുണ്ട്.

ഇപ്പോൾ വിരാട് കോലിക്ക് വീണ്ടും പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ കൂടിയായ രോഹിത് ശർമ്മ. കരിയറിലെ തന്നെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് വിരാട് കോലി കടന്നു പോയി കൊണ്ടിരിക്കുന്നത്.

ഫോം കണ്ടെത്താൻ വിഷമിക്കുന്ന കോലിയുടെ ഇന്നിങ്‌സ് തുടർച്ചയായ മത്സരങ്ങളിൽ ചെറിയ സ്കോറുകളിൽ അവസാനിക്കുകയാണ്. വലിയ വിമർശനമാണ് മുൻ ഇന്ത്യൻ താരങ്ങൾ അടക്കമുള്ളവരിൽ നിന്നും കോലിക്ക് ലഭിക്കുന്നത്.

ഈ അവസരത്തിലാണ് രോഹിത് ശർമ്മ കോലിയെ പിന്തുണച്ചിരിക്കുന്നത്. എല്ലാ താരങ്ങളുടെ കരിയറിലും ഉയർച്ച താഴ്ച്ചകൾ ഉണ്ടാവുമെന്നും ഒരുപാട് നാളുകളായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു താരത്തിന്റെ ഭാവി ഒന്നോ രണ്ടോ പരമ്പരയിലെ മോശം പ്രകടനം കൊണ്ട് നിർണയിക്കപ്പെടുകയില്ലെന്നും പറയുകയാണ് രോഹിത്. പുറത്തു നിന്ന് എത്ര വിമർശനങ്ങൾ വന്നാലും ടീം താരങ്ങളെ പിന്തുണയ്ക്കുകയും വീണ്ടും അവസരങ്ങൾ നൽകുകയും ചെയ്യുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

Read More: ഇന്ത്യൻ താരങ്ങൾക്ക് സർപ്രൈസുമായി തലയെത്തി; ചിത്രങ്ങൾ പങ്കുവെച്ച് ബിസിസിഐയും ചെന്നൈ സൂപ്പർ കിങ്‌സും

നേരത്തെ കോലിയുടെ നൂറാം ടെസ്റ്റിന് രോഹിത്തും ടീമും നൽകിയ ഗാർഡ് ഓഫ് ഓണറിന്റെ വിഡിയോ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. കോലിക്ക് രോഹിത്തിന്റെ വകയുള്ള സർപ്രൈസ് ആയിരുന്നു ഗാർഡ് ഓഫ് ഓണർ. അതോടൊപ്പം തന്നെ ഗാർഡ് ഓഫ് ഓണറിനായി ഗ്രൗണ്ടിൽ നിന്ന് തിരിച്ചു കയറാൻ രോഹിത് പറഞ്ഞപ്പോൾ സന്തോഷത്തോടെയാണ് കോലി അത് അനുസരിച്ചത്. ഇത് രണ്ട് താരങ്ങളും തമ്മിലുള്ള സൗഹൃദത്തെയാണ് കാണിക്കുന്നത് എന്നാണ് ആരാധകർ അന്ന് പറഞ്ഞിരുന്നത്.

Story Highlights: Rohith sharma extends his support to virat kohli