“ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്യുന്നു..”; നടൻ പ്രേംകുമാറിന്റെ പുസ്‌തകം പ്രകാശനം ചെയ്‌ത്‌ മോഹൻലാലും മമ്മൂട്ടിയും, വൈറലായി മോഹൻലാലിൻറെ കുറിപ്പ്

July 13, 2022

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരായ അഭിനേതാക്കളായ ഇരുവർക്കും വലിയ ആരാധക വൃന്ദമാണ് കേരളത്തിനകത്തും പുറത്തുമായി ഉള്ളത്. മലയാളികൾ സ്നേഹത്തോടെ ഏട്ടനെന്നും ഇക്കയെന്നും വിളിക്കുന്ന ഇരു താരങ്ങളും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

നടനും ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനുമായ പ്രേംകുമാറിന്റെ ‘ദൈവത്തിന്റെ അവകാശികൾ’ എന്ന പുസ്‌തകമാണ് മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പ്രകാശനം ചെയ്‌തത്‌. താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിയ്ക്കായി താരങ്ങൾ ഒത്തുകൂടിയപ്പോഴാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്‌.

മമ്മൂട്ടിക്കും പ്രേംകുമാറിനുമൊപ്പം നിൽക്കുന്ന ചിത്രം മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. “പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച “ദൈവത്തിൻ്റെ അവകാശികൾ ” എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ..” എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്.

അതേ സമയം എംടി വാസുദേവൻ നായരുടെ ചെറുകഥയെ ആസ്‌പദമാക്കി പ്രിയദർശൻ ഒരുക്കുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പി എൻ മേനോൻ സംവിധാനം നിർവഹിച്ച ഇതേ പേരിലുള്ള ചിത്രം 1970 ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ നടൻ മധു അവതരിപ്പിച്ച നായക കഥാപാത്രമായ ബാപ്പൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ പ്രശസ്‌ത നടൻ ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ കുഞ്ഞാലിയെ ഹരീഷ് പേരടിയാണ് അവതരിപ്പിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കമാണ്’ മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു.

Read More: ശിവാജി ഗണേശന്റെ ഒന്നരമിനിറ്റ് നീണ്ട ഡയലോഗ് ഒറ്റ ടേക്കിലെടുത്ത് മമ്മൂട്ടി- ‘നൻപകൽ നേരത്ത് മയക്കം’ ടീസർ

Story Highlights: Mohanlal shares photo with mammootty and premkumar