“ഗോഡ്ഫാദർമാർ ഇല്ലാതെ മെറിറ്റിൽ സിനിമയിലെത്തിയ താരം..”; നിവിൻ പോളിയെ കുറിച്ചുള്ള പ്രേക്ഷകന്റെ വൈറൽ കുറിപ്പ്, പങ്കുവെച്ച് അരുൺ ഗോപി
മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ചേക്കേറിയ നടനാണ് നിവിൻ പോളി. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന നിവിൻ പക്ഷെ ഇന്ന് അറിയപ്പെടുന്നത് നിരവധി സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ്. തുടർച്ചയായി അദ്ദേഹം അഭിനയിക്കുന്നതൊക്കെ ആഖ്യാനത്തിലും കഥപറച്ചിലിലും പുതുമ കൊണ്ട് വന്ന ചിത്രങ്ങളിലാണ്.
സിനിമയിൽ പരിചയക്കാരോ ഗോഡ്ഫാദർമാരോ ഇല്ലാതെ എത്തിയ താരമാണ് നിവിൻ പോളി. അതിനാൽ തന്നെ സിനിമ സ്വപ്നം കാണുന്ന ആളുകൾക്ക് വലിയ പ്രചോദനം കൂടിയാണ് താരം. നിവിന്റെ നേട്ടങ്ങളൊക്കെ തങ്ങളുടേത് കൂടിയാണ് എന്ന് വിശ്വസിക്കുന്ന വലിയൊരു പ്രേക്ഷക സമൂഹം ഉണ്ട്.
ഇപ്പോൾ ‘മഹാവീര്യർ’ എന്ന തീർത്തും വ്യത്യസ്തമായ മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നിവിൻ. അതിനിടയിൽ ചിത്രത്തിന്റെ റിലീസിന് മുൻപ് നിവിൻ പോളിയെ പറ്റി ഒരു പ്രേക്ഷകന് എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സനൽ കുമാർ പദ്മനാഭൻ എന്നയാൾ എഴുതിയ കുറിപ്പാണ് സിനിമ പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. രാംലീല അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് കുറിപ്പ് വൈറലായത്.
“ബി ടെക് എടുത്തു സോഫ്റ്റ്വെയർ എഞ്ചിനിയർ ആയി ആരും മോഹിക്കുന്നൊരു കമ്പനിയിൽ നല്ലൊരു പായ്ക്കേജിൽ ജോലി ചെയ്യുക എന്ന സേഫ് സോൺ വിട്ടിട്ടു !! കൈപിടിച്ചു കയറ്റാൻ ഒരു ഗോഡ്ഫാദറോ പിന്തുണക്കാനൊരു പുൽനാമ്പോ ഇല്ലാത്ത മലയാളസിനിമാലോകത്തേക്ക് ഭാഗ്യം പരീക്ഷിക്കാനിറങ്ങി ഓഡീഷനുകളിൽ കയറിയിറങ്ങി അവസാനം തന്റെ “മെറിറ്റ്” കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യനുണ്ട് ഈ ആലുവയിൽ.
സിനിമയിൽ അരങ്ങേറി പന്ത്രണ്ടു വർഷങ്ങൾ കൊണ്ടയാൾ, കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യുന്ന മലർവാടിയിലെ ചൂടൻ പ്രകാശനിൽ നിന്നും തട്ടമിട്ടു വന്ന ആയിഷയെ കണ്ടാൽ പിന്നെ ചുറ്റുമൊന്നും കാണാൻ കഴിയാത്ത വിധം അവളിൽ അടിക്ട് ആയിപോയ വിനോദിലേക്കും, പുഞ്ചിരിക്കുന്ന സൗമ്യനായ ക്രൂരൻ രാഹുൽ വൈദ്യരിലേക്കും, ക്രിക്കറ്റ് പ്രാന്ത് മൂലം അച്ഛന്റെ മോഹങ്ങൾ തകർത്ത മകനായും, മകന്റെ ക്രിക്കറ്റ് പ്രാന്തിനു കൂടെ നില്കുന്ന അച്ഛനായ വിനോദിലേക്കും, നിഷ്കളങ്കൻ കുട്ടനിലേക്കും, ഭൂലോക തരികിട ഉമേഷിലേക്കും, പിന്നെ അയാളെ അയാളാക്കി മാറ്റിയ ജോർജിലേക്കും, പണിയെടുക്കുന്നവന്റെ പടച്ചോനായ ദുബായിൽ അപ്പന്റെ കടബാധ്യതകളുടെ ഭാരം തീർക്കാനായി വിയർപ്പോഴുക്കുന്ന ജെറിയിലേക്കും, എംഫിലും പി ജി യുമെടുത്തു കോളേജിൽ അധ്യാപകനായി ജോലി ചെയ്യവേ പോലീസ് ഉദ്യോഗം സ്വപ്നം കണ്ടു ടെസ്റ്റ് എഴുതി സബ് ഇൻസ്പെക്ടർ പോസ്റ്റ് വാശിയോടെ നേടിയെടുത്ത ബിജുവിലേക്കും, മൂത്തോനിലേക്കും, തുറമുഖത്തിലേക്കും, മാറു മറക്കാത്ത കാലത്തെ സമരചരിത്രം പറഞ്ഞ സിനിമയിൽ സഖാവായിട്ടും, പാവങ്ങളുടെ പോരാളിയായ കായംകുളം കൊച്ചുണ്ണിയായിട്ടും അസാധ്യമായ പെർഫെക്ഷനോടെ അയാൾ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്തെങ്കിലും, “ഓ അയാൾ സേഫ് സോൺ വിട്ടൊരു കളിയുമില്ല ” എന്ന വിശേഷണം നിരൂപകർ ചാർത്തിതരുന്നത് കണ്ടു നിറചിരിയോടെ നിന്നൊരാൾ.
അയാളുടെ ആഗ്രഹത്തിനൊത്തു വഴങ്ങികൊടുക്കാത്ത ശരീരവുമായി ഇന്നയാൾ പ്രെസ്സ് മീറ്റിൽ ” എന്റെ പുതിയ പടം വിനയ് ഗോവിന്ദന്റെ താരം ആണ്, അത് ഞാൻ ഒരു ബ്രെക്കിന് ശേഷം ആണ് ചെയ്യുന്നത് കുറച്ചു നാൾ ഒന്ന് വർക്ഔട് ചെയ്തു ശരീര ഭാരം കുറച്ച ശേഷം” എന്ന് പറയുന്നത് കേട്ടപ്പോൾ അതിയായ സന്തോഷം. അങ്ങേരു സ്ക്രീൻ പ്രേസേന്സിൽ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിൻ ആയി തിരിച്ചു വരട്ടെ. നിവിൻ ഭായ്, വ്യത്യസ്തങ്ങളായ നിരവധി സിനിമകളുമായി നിങ്ങൾ മലയാളസിനിമയിൽ നിറഞ്ഞു നിൽക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം പതിനഞ്ചു വർഷത്തിന് മുൻപുള്ള നിങ്ങളെപ്പോലെ, സിനിമഫീൽഡിൽ പിന്തുണക്കാനും കൈ പിടിച്ചു കയറ്റാനും ആരുമില്ലെങ്കിലും. സിനിമയെ സ്വപ്നം കണ്ടു അതിന്റെ പിറകെ അലയുന്ന പ്രതിഭയുള്ള ഒത്തിരിപേരുണ്ട്. അവർക്കൊരു പ്രതീക്ഷയായി നിങ്ങളിവിടെ തന്നെ കാണണം.
മഹാവീര്യറിനു എല്ലാ വിധ ആശംസകളും.”
കടപ്പാട് – സനൽ കുമാർ സനൽ കുമാർ പദ്മനാഭൻ
Story Highlights: Nivin pauly fan facebook post goes viral