വിക്കറ്റിന് പിന്നിൽ തന്ത്രം മെനഞ്ഞ് പന്ത്; ഇത് ധോണി സ്റ്റൈലെന്ന് ആരാധകർ- വൈറൽ വിഡിയോ
ഇന്നലത്തെ മത്സരത്തിൽ വമ്പൻ വിജയം നേടിയതോടെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന്റെ മിന്നുന്ന പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 113 പന്തിൽ 125 റൺസെടുത്ത ഋഷഭ് പന്താണ് പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. പന്തിന്റെ ഏകദിനത്തിലെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.
ഇപ്പോൾ ഇംഗ്ലണ്ട് താരം റീസ് ടോപ്ലിയെ പന്തും ചാഹലും ചേർന്ന് തന്ത്രം മെനഞ്ഞ് പുറത്താക്കിയതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 46–ാം ഓവറിലായിരുന്നു ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കിയ ഈ പുറത്താകൽ നടന്നത്. ടോപ്ലി പുറത്തായ ബോൾ ചാഹൽ എറിയുന്നതിന് തൊട്ട് മുൻപ് ഋഷഭ് പന്ത് വിക്കറ്റിന് പിന്നിൽ നിന്ന് നിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. പന്തിന്റെ നിർദേശങ്ങൾക്ക് ചിരിച്ചു കൊണ്ട് ചാഹൽ പ്രതികരിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.
The genius behind the stump #pant #Virat #Rohit #hardik #IndianCricketTeam @RishabhPant17 @mufaddal_vohra @vikrantgupta73 @SushantNMehta @mohsinaliisb pic.twitter.com/zOEvSwRM6b
— Anand S Negi (@7444Negi) July 17, 2022
ധോണി സ്റ്റൈൽ തന്ത്രമാണ് പന്ത് മെനഞ്ഞതെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. മുൻ ഇന്ത്യൻ നായകൻ ധോണി ഇതേ പോലെ തന്നെ ബൗളർമാർക്ക് വിക്കറ്റിന് പിന്നിൽ നിന്ന് കൊണ്ട് നിർദേശങ്ങൾ നൽകാറുണ്ടായിരുന്നു. ഈ നിർദേശങ്ങൾ വിക്കറ്റുകളിൽ കലാശിക്കുകയും ചെയ്യുമായിരുന്നു. ധോണിയുടെ വിക്കറ്റ് കീപ്പിങ് മികവിനോടാണ് ആരാധകർ ഇപ്പോൾ പന്തിനെ താരതമ്യം ചെയ്യുന്നത്.
അതേ സമയം ഇന്നലത്തെ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 259 റൺസ് എടുത്ത് ഓൾ ഔട്ട് ആയപ്പോൾ 42.1 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. പന്തിനോടൊപ്പം ഹർദിക് പാണ്ഡ്യയും മത്സരത്തിൽ നിർണായക പ്രകടനം പുറത്തെടുത്തു. 4 വിക്കറ്റെടുത്ത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകർത്ത ഹർദിക് പിന്നീട് 71 റൺസ് അടിച്ചെടുത്ത് പന്തിന് മികച്ച പിന്തുണ നൽകുകയും ചെയ്തു.
Story Highlights: Pant compared to dhoni