ആരാധകർക്ക് നിരാശ; ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും
ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഫ്രഞ്ച് ടീമിന്റെ നട്ടെല്ലായ പോൾ പോഗ്ബ. ലോകകപ്പ് കളിക്കാനിരിക്കുന്ന ഫ്രാൻസ് ടീമിലെ അവിഭാജ്യ ഘടകമാണ് പോഗ്ബ. എന്നാൽ പോഗ്ബയുടെ മികവിൽ തുടർച്ചയായി രണ്ടാമത്തെ ലോകകപ്പും ഫ്രാൻസ് സ്വന്തമാക്കുന്നത് കാണാനിരുന്ന ആരാധകർക്ക് കടുത്ത നിരാശ ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പരിക്ക് കാരണം പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഈ സീസണിലാണ് പോൾ പോഗ്ബ യുവന്റസിലെത്തിയത്. മാഞ്ചസ്റ്ററിൽ എത്തുന്നതിന് മുൻപ് ഇറ്റാലിയൻ സീരി എ യിൽ യുവന്റസിന്റെ താരമായി മിന്നി തിളങ്ങിയിരുന്നു താരം. തന്നെ താനാക്കിയ ടീമിലേക്കുള്ള തിരിച്ച് വരവിൽ പക്ഷെ കാര്യങ്ങളൊന്നും പോഗ്ബയുടെ വഴിക്കല്ല സംഭവിക്കുന്നത്.
യുവന്റസിന്റെ ഭാഗമായി ആഴ്ച്ചകൾ മാത്രം പിന്നിടുമ്പോൾ പരിക്കിന്റെ പിടിയിൽ സീസൺ തന്നെ നഷ്ടപ്പെടുമെന്ന പേടിയിലാണ് താരവും ആരാധകരും. വരുന്ന ചൊവ്വാഴ്ച്ച ബാഴ്സലോണക്കെതിരെ നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ താരം പങ്കെടുക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പോഗ്ബയ്ക്ക് കാൽ മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്.
ബാഴ്സയോടുള്ള മത്സരം മാത്രമല്ല ലോകകപ്പും താരത്തിന് നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. എത്ര മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നതിനനുസരിച്ചാണ് സീസണിലെ എത്ര മത്സരങ്ങൾ നഷ്ടമാകുമെന്ന് പറയാനാകുക. നവംബർ ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ പോഗ്ബയ്ക്ക് കളിക്കാനായില്ലെങ്കിൽ ഫ്രാൻസിന് അതുണ്ടാക്കുന്ന നഷ്ടം വലുത് തന്നെയായിരിക്കും. 2018 റഷ്യൻ ലോകക്കപ്പിൽ കിരീടം നേടിയ ഫ്രാൻസ് പക്ഷെ പിന്നീട് യൂറോ കപ്പിലടക്കം തിളങ്ങാതെ പോയിരുന്നു.
Read More: ചില തുടക്കങ്ങൾ ചരിത്രമാവും; വനിത ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ലോകക്കപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഫ്രാൻസ് നിരയിലേക്കും ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കാൻ കൊതിക്കുന്ന യുവന്റ്സ് നിരയിലേക്കും താരം തിരിച്ച് വരുന്നത് കാത്തിരിക്കുകയാണ് ആരാധകർ. പോഗ്ബയുടെ ഫുട്ബോൾ മികവ് ഈ ലോകകപ്പിൽ കാണാൻ കഴിയില്ലേ എന്ന കടുത്ത ആശങ്കയിലാണ് ഫുട്ബോൾ പ്രേമികൾ.
Story Highlights: Pogba likely to miss world cup